
വക്കം: നിരവധി പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ ടാറിംഗ് ആരംഭിച്ച നിലയ്ക്കാമുക്ക് വക്കം റോഡിപ്പോൾ നാട്ടുകാർക്ക് തലവേദനയായിരിക്കുകയാണ്.മാസങ്ങളായിട്ടും ടാറിംഗ് പൂർത്തിയാകാത്തതിനാൽ പ്രദേശം മുഴുവൻ പൊടിയാണ്.
നിലയ്ക്കാമുക്ക് മുതൽ ഒന്നാം ഗേറ്റ് വരെയുള്ള ഭാഗത്തെ രൂക്ഷമായ പൊടി പടലം കാരണം യാത്ര ദുരിതമായിരിക്കുകയാണ്.റെയിൽവേ ഗേറ്റു മുതൽ നിലയ്ക്കാമുക്ക് വരെയുള്ള ഭാഗത്തെ റോഡിലെ കുഴികൾ മൂടുന്നതിനായി മാസങ്ങൾക്ക് മുൻപ് പാറപ്പൊടിയും മെറ്റലുമിട്ട് നിരത്തിയിരുന്നു. ഇതാണ് പൊടി ശല്യത്തിന് കാരണമായിരിക്കുന്നത്.
പൊടി ശല്യമുള്ളയിടത്ത് ഇടവിട്ട് വെള്ളം ഒഴിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.റോഡ് നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്നും ഇവർ പരാതിപ്പെടുന്നു.നിലവിൽ ചെയ്യുന്ന രീതിയിൽ റോഡ് ടാർ ചെയ്‌താൽ കുഴിയടച്ച ഭാഗത്തെ ടാർ എളുപ്പം ഇളകി വീണ്ടും കുഴികൾ രൂപപ്പെടുമെന്ന് കാട്ടി പൊതുമരാമത്ത് വകുപ്പിന് നാട്ടുകാർ പരാതി നൽകിയിട്ടും ഫലമുണ്ടായി.പൊടിയിൽ നിന്ന് രക്ഷ നേടാൻ ഇപ്പോൾ പ്ലാസ്റ്റിക് ഷീറ്റ് വച്ച് മറച്ച് കച്ചവടം നടത്തേണ്ട ഗതികേടിലാണ് കച്ചവടക്കാർ.
ഇവിടെയാണ് പ്രശ്നം
ആദ്യഘട്ടത്തിൽ പണയിൽകടവ് മുതൽ ഒന്നാം ഗേറ്റ് വരെയുള്ള ഭാഗമാണ് ടാർ ചെയ്തത്. ഒന്നാം ഗേറ്റ് മുതൽ നിലയ്ക്കാമുക്ക് ജംഗ്ഷൻ വരെയുള്ള ഭാഗത്തെ ഓടയുടെ പണികൾ പൂർത്തിയാക്കി ഉടൻ ടാറിംഗ് ആരംഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
ഇഴഞ്ഞിഴഞ്ഞ്
നിലയ്ക്കാമുക്ക് മുതൽ ഒന്നാം ഗേറ്റ് വരെയുള്ള ഭാഗത്ത് പൈപ്പ് ലൈനിനായെടുത്ത കുഴികൾ മൂടുന്നതിലെ കാലതാമസമാണ് ടാറിംഗ് ജോലി ആരംഭിക്കുന്നതിന് തടസമായിരിക്കുന്നത്. കുഴികളിൽ മെറ്റൽ നിറച്ച് ഉറപ്പിക്കുന്ന ജോലികൾ ഇഴഞ്ഞിഴഞ്ഞാണ് നടക്കുന്നത്.
പ്രദേശവാസികളുടെ ദുരിതം
വലിയ വാഹനങ്ങൾ പോയി കഴിഞ്ഞാൽ അന്തരീക്ഷമാകെ പൊടി നിറയുകയും ഇരുചക്ര വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഇതിൽപ്പെടുകയും ചെയ്യും.സമീപവാസികൾക്ക് വാതിലടച്ച് വീടിനകത്തിരുന്നാൽ പോലും പൊടി ശല്യത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്നില്ലെന്നാണ് ആക്ഷേപം. നിലവിൽ കുട്ടികളും രോഗബാധിതരും ഏറെ ബുദ്ധിമുട്ടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |