
കിളിമാനൂർ: വർഷങ്ങൾക്കുശേഷം തെങ്ങുംകോണം ഏലായിൽ ഞാറ്റടിപ്പാട്ടിന്റെ ഈണങ്ങൾ മുഴങ്ങി. പാടങ്ങളിൽ മുഴുവൻ സ്വർണ നിറത്തിൽ നെല്ല് വിളഞ്ഞുകിടക്കുകയാണ്.കൃഷിയെ സ്‌നേഹിക്കുന്ന ഏതാനുംപേർ ചേർന്ന് ഒരു വർഷം മുൻപാണ് ഇവിടെ കിസാൻ സർവീസ് സൊസൈറ്റിയുടെ ഒരു യൂണിറ്റ് രൂപവത്കരിച്ചത്.ജൈവകൃഷിയിലൂടെ നെൽക്കൃഷിയെ വീണ്ടെടുക്കുക എന്നതായിരുന്നു ലക്ഷ്യം.
പച്ചിലവളം,ചാണകം എന്നിവയാണ് വളമായി ഉപയോഗിച്ചത്.ആദ്യ തവണ ഉമ എന്ന വിത്താണ് കൃഷിയിറക്കിയത്.
മികച്ച വിളവായിരുന്നു.3500 കിലോ നെല്ല് ലഭിച്ചു.പതിര് കളഞ്ഞ് ഓരോരുത്തർക്കും 300 കിലോ നെല്ല് വീതം കിട്ടി. രണ്ടാം തവണ ദൃശ്യ എന്ന വിത്താണ് വിതച്ചത്.ഇത്തവണ വിളവ് അല്പം കുറഞ്ഞു. 3000 കിലോ നെല്ലാണ് കിട്ടിയത്. ഇവരുടെ കുടുംബങ്ങളിലെല്ലാം ഈ നെല്ല് പുഴുങ്ങിക്കുത്തിയ അരിയാണ് ഉപയോഗിക്കുന്നത്.മാത്രമല്ല ഇവരിൽ പലരും ഇപ്പോൾ കൂട്ടുകാർക്ക് സമ്മാനം നൽകുന്നത് നെല്ലും അരിയുമാണ്.
കാട്ടുപന്നിയെ തുരത്തി
കൃഷി നടത്താനിറങ്ങുമ്പോൾ പ്രധാന വെല്ലുവിളി കാട്ടുപന്നി ശല്യമായിരുന്നു.കാട്ടുപന്നിയുടെ ശല്യം കാരണമാണ് 30 വർഷം മുൻപ് ഏലായിലെ കൃഷിയവസാനിപ്പിച്ചത്.കൂട്ടായ്മ പന്നിയെ നേരിടാൻ സൗരവേലി സ്ഥാപിച്ചു.തുടർന്ന് കൃഷിപ്പണികൾ തുടങ്ങി.പൂട്ടലും കൊയ്ത്തുമെല്ലാം യന്ത്റമുപയോഗിച്ച് നടത്തി.
ഇനിയും കൃഷി
രണ്ടാംവിളവെടുത്ത് കഴിഞ്ഞ പാടത്തിൽ ഉഴുന്നും പയറും വിതയ്ക്കാനുള്ള ഒരുക്കത്തിലാണ് കർഷക സുഹൃത്തുക്കൾ. മണ്ണിന്റെ ജൈവഘടന വീണ്ടെടുക്കാനുള്ള പ്രാചീന കൃഷി സമ്പ്രദായമാണിത്. കൃഷിക്കായി ചെലവിടുന്ന തുക മടക്കിക്കിട്ടുന്നതിനെക്കുറിച്ചോ ലാഭത്തെക്കുറിച്ചോ ഇവർ ചിന്തിക്കുന്നില്ല. മികച്ച ആരോഗ്യമാണ് ഇതിൽ നിന്നുള്ള ലാഭമെന്ന വിശ്വാസത്തിലാണിവർ.
കൃഷി പ്രേമികൾ
കൂട്ടായ്മയിലെ പലരും പുളിമാത്തുകാരല്ല.തിരുവനന്തപുരത്തും മറ്റിടങ്ങളിലും താമസിക്കുന്നവരാണ്. കൃഷിക്കുവേണ്ടി മാത്രം ഇവിടെയെത്തിയവർ.തെങ്ങുംകോണം ക്ഷേത്രത്തിന് സമീപത്തെ രണ്ടേക്കർ പാടം പാട്ടത്തിനെടുത്തായിരുന്നു കൃഷിയാരംഭിച്ചത്.കൃഷിയോടുള്ള ഇവരുടെ താല്പര്യം കണ്ടതോടെ സമീപത്തെ രണ്ട് വയലുകളുടെ ഉടമസ്ഥർ കൂടി കൃഷിയിറക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |