
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കൃഷ്ണൻകോവിലിന് സമീപം ഹോട്ടലിനു നേരെ സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയതായി പരാതി. രാവിലെ 7.30ഓടെ കാറിലെത്തിയ അക്രമികൾ കമ്പി വടിയും പാറക്കഷണവും കൊണ്ട് മുൻവശത്ത പലഹാരപ്പെട്ടി അടിച്ചു തകർത്തു. നിരവധി ക്രിമിനൽ കേസിൽ പ്രതികളായവരുടെ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സമീപവാസികൾ പറഞ്ഞു. ഹോട്ടലിന് മുന്നിൽ സ്ഥാപിച്ചിരുന്ന കണ്ണാടിപ്പെട്ടിയിൽ കല്ലെറിഞ്ഞും കമ്പികൊണ്ട് അടിച്ച് പൊട്ടിച്ചുമാണ് നാശനഷ്ടം വരുത്തിയത്. മയക്കുമരുന്നിനും മറ്റ് ലഹരിവസ്തുക്കൾക്കും അടിമപ്പെട്ടവരാണ് അക്രമം നടത്തിയതെന്നും പറയപ്പെടുന്നു. കഴിഞ്ഞദിവസം രാത്രിയിൽ ബിയർ കുപ്പി കടക്കുനേരെ വലിച്ചെറിഞ്ഞ് ഭീകരത സൃഷ്ടിച്ചതായും നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിൻകരയിൽ വ്യാപാര സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും നേരെ മയക്കുമരുന്ന് മാഫിയയുടെ ആക്രമണം പതിവാകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ ആക്രമണം നടന്ന സ്ഥലം പരിശോധിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാൻ പൊലീസ് വിമുഖത കാട്ടുന്നതായും ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |