കഴക്കൂട്ടം: കാര്യവട്ടം ഗവ.കോളേജിൽ റാഗിംഗ് നടന്നതായി കണ്ടെത്തി. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥികളായ ബിൻസ് ജോസും അഭിഷേകുമാണ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസിലും നേരത്തെ പരാതി നൽകിയിരുന്നത്. അഭിഷേക് കഴിഞ്ഞ ദിവസം പരാതി പിൻവലിച്ചു.
തുടർന്ന് അന്വേഷണം നടത്തിയ ആന്റി - റാഗിംഗ് കമ്മിറ്റിയാണ് റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഏഴോളം പേർക്കെതിരെയാണ് പരാതി. സി.സി ടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ 11ന് സീനിയർ - ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ അടിപിടിയുണ്ടായി. ബിൻസ് ജോസിനും സുഹൃത്തായ അഭിഷേകിനും സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ പരിക്കേറ്റിരുന്നു. ഇരുകൂട്ടരുടെയും പരാതിയിൽ അന്ന് കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു.
അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയർ വിദ്യാർത്ഥികൾ ബിൻസിനെ പിടിച്ച് യൂണിറ്റ് റൂമിൽ കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ചതായിട്ടാണ് പരാതി.ഷർട്ട് വലിച്ചു കീറി മുട്ടുകാലിൽ നിറുത്തി മുതുകിലും ചെകിട്ടത്തും അടിച്ചു. തറയിൽ വീണ ബിൻസിനെ വീണ്ടും മർദ്ദിച്ചു. വെള്ളം ചോദിച്ചപ്പോൾ തുപ്പിയ ശേഷം കുപ്പിവെള്ളം നൽകിയതായും ബിൻസ് പറയുന്നു. തുടർന്നാണ് ബിൻസ് കഴക്കൂട്ടം പൊലീസിലും പ്രിൻസിപ്പലിനും പരാതി നൽകിയത്. സീനിയർ വിദ്യാർത്ഥികളായ വേലു,പ്രിൻസ്,അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ തുടങ്ങി ഏഴുപേരാണ് റാഗിംഗ് നടത്തിയതെന്നാണ് പരാതി. കമ്മിറ്റിയുടെ കണ്ടെത്തലിൽ പ്രിൻസിപ്പൽ ഇന്നലെ കഴക്കൂട്ടം പൊലീസിന് റിപ്പോർട്ട് നൽകി. പ്രിൻസിപ്പലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റാഗിംഗിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |