കിളിമാനൂർ: വേനൽകടുത്തതോടെ നാട്ടിൻപുറങ്ങളിൽ ചെങ്കണ്ണ് ഭീതിയിൽ. ഇത് മുൻനിറുത്തി കൂടുതൽ ശ്രദ്ധ പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കണ്ണിന്റെ പുറത്തെ പാളിയായ കൺജക്റ്റൈവ എന്ന കോശഭിത്തിയിൽ വൈറസോ, ബാക്ടീരിയയോ മറ്റു വസ്തുക്കളോ കാരണം കോശ ജ്വലനം സംഭവിക്കുന്നതാണ് ചെങ്കണ്ണിന് കാരണം. വൈറസ് മൂലമാണോ ബാക്ടീരിയ മൂലമാണോ രോഗം ഉണ്ടായിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് അതിന് ആവശ്യമായ ചികിത്സയാണ് തേടേണ്ടത്. സാധാരണമായി രോഗതീവ്രതയ്ക്കനുസരിച്ച് ചെങ്കണ്ണ് ഭേദമാകാൻ രണ്ട്മൂന്ന് ആഴ്ചകൾ വരെ എടുക്കും. കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ നിർദേശാനുസരണം രോഗതീവ്രത വിലയിരുത്തണം. ഈ സമയത്തെല്ലാം കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുന്ന ജോലികൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
ബാക്ടീരിയ മൂലമാണെങ്കിൽ ആന്റിബയോട്ടിക് മരുന്നുകളും വൈറസ് മൂലമാണെങ്കിൽ ആന്റിവൈറൽ മരുന്നുകളും ഉപയോഗിക്കാം. ഓയിന്റ്മെന്റ് രൂപത്തിലോ കണ്ണിൽ ഒഴിക്കുന്ന തുള്ളിമരുന്നിന്റെ രൂപത്തിലോ ആയിരിക്കും ഈ മരുന്നുകൾ. തുള്ളിമരുന്നുകൾ കൃത്യമായി മുടങ്ങാതെ ഉപയോഗിക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ നിറുത്തുകയും ചെയ്യുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |