SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

വിമാനത്താവളവും ചേർത്ത് ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ് വിഴിഞ്ഞത്തിന് അദാനിയുടെ 25,000 കോടി

port

തിരുവനന്തപുരം: തലസ്ഥാന വികസനത്തിന് അദാനിയുടെ വമ്പൻവാഗ്ദാനം വരുന്നു. വിഴിഞ്ഞം തുറമുഖത്തെ മാരിടൈം, ലോജിസ്റ്റിക് ഹബാക്കി മാറ്റാൻ 25,000കോടിയുടെ പദ്ധതികൾ കൊച്ചിയിലെ ഇൻവെസ്റ്റ് കേരള ഗ്ലോബൽസമ്മിറ്റിൽ അദാനിഗ്രൂപ്പ് പ്രഖ്യാപിച്ചേക്കും. അദാനി തുറമുഖ കമ്പനി എം.ഡി കരൺ അദാനി സമ്മേളനത്തിനെത്തുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരം വിമാനത്താവളത്തെയും കൂട്ടിച്ചേർത്തുള്ള ലോജിസ്റ്റിക്സ് പദ്ധതികളായിരിക്കും അദാനി പുതുതായി പ്രഖ്യാപിക്കുക. തുറമുഖത്തിന്റെ അടുത്തഘട്ടങ്ങളുടെ വികസനത്തിന് 9600 കോടിയാണ് അദാനി മുടക്കുന്നത്.

വിമാനത്താവളത്തിന്റെ സാദ്ധ്യത കൂടി പ്രയോജനപ്പെടുത്തി വിഴിഞ്ഞം തുറമുഖത്തെ സമുദ്ര, വ്യോമ മാർഗമുള്ള ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബാക്കാനാണ് പദ്ധതി. അരനൂറ്റാണ്ടുകാലം വിമാനത്താവള നടത്തിപ്പ് അദാനിക്കാണ്. വിമാനത്താവളത്തിൽ 1300കോടി ചെലവിൽ 1.2കോടി യാത്രക്കാരെ ഉൾക്കൊള്ളാനാവുന്ന പുതിയ ടെർമിനൽ അദാനി നിർമ്മിക്കുന്നുണ്ട്. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനലിനു സമീപം പുതിയ കാർഗോ ടെർമിനലും തുറന്നിട്ടുണ്ട്. 600ചതുരശ്രമീ​റ്റർ വിസ്തീർണവും പ്രതിവർഷം 3500മെട്രിക് ടണ്ണിൽ കൂടുതൽ കാർഗോ കൈകാര്യം ചെയ്യാൻ ശേഷിയുമുള്ളതാണ് ടെർമിനൽ. തുറമുഖത്തു നിന്നുള്ള ചരക്കുനീക്കം കൂടി ലക്ഷ്യമിട്ടാണ് കാർഗോ ടെർമിനൽ.

അഞ്ച് മാസംകൊണ്ട് 170കപ്പലുകളിലായി മൂന്നേമുക്കാൽ ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം കരുത്ത് തെളിയിച്ചു. എം.എസ്.സി, മെസ്ക് എന്നീ കമ്പനികളുടെ 23കൂറ്റൻ കപ്പലുകൾ അടുത്ത മൂന്നുമാസം എത്തുന്നുണ്ട്. റോഡ്, റെയിൽ കണക്ടിവിറ്രി സജ്ജമാവാത്തതിനാൽ വിമാനത്താവളത്തിന്റെ സാദ്ധ്യതയുപയോഗിച്ച് കണ്ടെയ്നർ ബിസിനസ് വിപുലീകരിക്കാനാണ് അദാനിയുടെ നീക്കം.

വികസനത്തിന് ഭൂമി തേടും

തുറമുഖ അനുബന്ധ വ്യവസായങ്ങൾക്ക് അദാനി സജ്ജമാണെങ്കിലും സർക്കാർ ഭൂമി ലഭ്യമാക്കേണ്ടതുണ്ട്. നേരത്തേ സിമന്റ് മിക്സിംഗ് പ്ലാന്റ് അടക്കം പരിഗണിച്ചിരുന്നതാണ്. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് യൂണിറ്റ്, ക്രൂസ്ടെർമിനൽ എന്നിവയും ഭാവിയിൽ നടപ്പാക്കും. സീഫുഡ് - ലോജിസ്റ്റിക്സ് പാർക്കിനും അദാനിക്ക് പദ്ധതിയുണ്ട്. ഡിഫൻസ് - സ്പേസ് മാനുഫാക്ചറിംഗ്,ഇലക്ട്രോണിക്സ്,ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണ നിർമ്മാണം എന്നിവയടക്കം തുറമുഖത്തോടനുബന്ധിച്ച് 22 മുൻഗണനാ വ്യവസായങ്ങളുണ്ടാവും. 5ഫോക്കസ് ഏരിയാകളിലാവും നിക്ഷേപങ്ങളെന്നാണ് സർക്കാർ പ്രഖ്യാപനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL