വർക്കല: ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവൃത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നതുമൂലം ഓട്ടോറിക്ഷാ ഡ്രൈവർമാരും യാത്രക്കാരും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്നു. ഓട്ടോയിൽ സഞ്ചരിക്കുന്ന തദ്ദേശീയരായ യാത്രക്കാരിൽ നിന്നും വിനോദസഞ്ചാരികളിൽ നിന്നും അമിതപണം ഈടാക്കുന്നതായി നിരവധി പരാതികളാണ് ഉയരുന്നത്. റെയിൽവേ സ്റ്റേഷന് മുന്നിലും വിനോദസഞ്ചാര മേഖലയിലും യാത്രക്കാരും ഓട്ടോതൊഴിലാളികളും തമ്മിലുള്ള തർക്കം പതിവാണ്. ഓട്ടോറിക്ഷാ തൊഴിലാളികളിൽ ചിലർ പകൽക്കൊള്ള നടത്തുന്നത് തങ്ങൾക്കുതന്നെ നാണക്കേടുണ്ടാക്കുന്നുവെന്ന് തൊഴിലാളികൾ വ്യക്തമാക്കുന്നു. യാത്രയുടെ പ്രാധാന്യവും സമയനഷ്ടവും കണക്കാക്കി പരാതിയുമായി മുന്നോട്ടു പോകാൻ യാത്രക്കാർക്ക് കഴിയാതെവരുന്ന സാഹചര്യം മുതലെടുക്കലാണ് പലപ്പോഴും സംഭവിക്കുന്നത്. അമിതപണം ഈടാക്കുന്നത് ചോദ്യം ചെയ്താൽ അപമാനിക്കലും അസഭ്യവർഷവും ഓട്ടം പോകാൻ വിസമ്മതിച്ച് വാഹനത്തിൽ നിന്ന് ഇറക്കിവിടുന്നതും സ്ഥിരം പ്രവണതയാണെന്ന് യാത്രക്കാർ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിടപെട്ട് പ്രീപെയ്ഡ് ഓട്ടോ ടാക്സി സംവിധാനം നടപ്പാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
വിനോദസഞ്ചാര മേഖലയിൽ പകൽക്കൊള്ള
പാപനാശം നോർത്ത് -സൗത്ത് ക്ലിഫ് മേഖലകളിൽ യാത്രയ്ക്ക് സാധാരണ നിരക്കിന്റെ ഇരട്ടിയിലധികം നൽകി വേണം യാത്ര ചെയ്യാൻ. യാത്ര തുടങ്ങും മുൻപ് തുക എത്രയാവുമെന്ന് ചോദിച്ചാൽ ആളും തരവും വസ്ത്രധാരണ രീതിയുമെല്ലാം നോക്കി തുക പറയുന്നവരും ഇക്കൂട്ടരിലുണ്ട്. സ്ത്രീ യാത്രികരാണ് പലപ്പോഴും പകൽക്കൊള്ളയ്ക്ക് ഇരകളാകുന്നത്. മിതവും അനുവദനീയവുമായ യാത്രാനിരക്ക് ഈടാക്കുന്നത് വിരളമാണ്. രാത്രിയിൽ മിനിമം ചാർജ്ജായി 300രൂപയാണ് പല ഓട്ടോക്കാരും വാങ്ങുന്നത്. ദൂരം കൂടുന്തോറും ഈ തോതിൽ തുക വർദ്ധിക്കും. പകലും രാത്രിയിലും മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരും കൂടുതലാണ്. വർക്കല സബ് ആർ.ടി.ഒ മുൻകൈയെടുത്ത് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നു.
പ്രീപെയ്ഡ് ഓട്ടോ
വർക്കല റെയിൽവേ സ്റ്റേഷനിലും ഹെലിപ്പാടും പ്രീപ്പെയ്ഡ് ഓട്ടോ ടാക്സി സംവിധാനം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
മോഡിഫിക്കേഷനും
വാഹനത്തിന്റെ ബോഡിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് മിക്ക ഓട്ടോറിക്ഷകളും നിരത്തിലിറക്കുന്നത്. പല ആകൃതിയിലുള്ള വീൽക്കപ്പുകൾ, കാതടപ്പിക്കുന്ന ഹോൺ, ശക്തമായ ലൈറ്റുകൾ എന്നിവ നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും ഇവ ഘടിപ്പിച്ച് മോഡിഫിക്കേഷൻ ചെയ്ത ഓട്ടോറിക്ഷകൾ അമിതവേഗതയിൽ സഞ്ചരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |