SignIn
Kerala Kaumudi Online
Friday, 23 October 2026 9.11 AM IST

പുന്നമൂട് റെയിൽവേഗേറ്റ് 'ക്ളോസ്ഡ്' ജനങ്ങൾ നട്ടം തിരിയുന്നു

rly-gate

വർക്കല: റെയിൽവേ ജോലികൾക്കായി പുന്നമൂട് റെയിൽവേ ഗേറ്റ് അടച്ചതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായെന്ന് പരാതി. മൂന്ന് ദിവസത്തേക്കാണ് ഗേറ്റ് അടച്ചതെങ്കിലും നിലവിൽ എൻജിനിയറിംഗ് ജോലികൾ പുരോഗമിക്കുന്നതിനാൽ ജോലി പൂർത്തിയായശേഷം മാത്രമെ തുറക്കൂവെന്നാണ് ലഭിക്കുന്ന വിവരം. ഇത് ഒരു പക്ഷെ ദിവസങ്ങൾ നീണ്ടുപോകാം. കൊല്ലം, ഊന്നിൻമൂട്, പാരിപ്പള്ളി, പള്ളിക്കൽ ഭാഗങ്ങളിൽ നിന്നും പാപനാശം ബീച്ചിലേക്ക് എത്തുന്നവരും സഞ്ചാരികളും ഗേറ്റിലെത്തുമ്പോൾ മാത്രമാണ് ഗേറ്റ് അടച്ചിട്ടിരിക്കുന്ന വിവരമറിയുന്നത്. തിരികെ ഒന്നരക്കിലോമീറ്ററോളം ചുറ്റി വേണം ബീച്ച് ഭാഗത്തേക്ക് പോകേണ്ടതെന്നതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു. പുന്നമൂട് ജംഗ്ഷനോട് ചേർന്നുള്ള മത്സ്യ മാർക്കറ്റിലും മറ്റ് സ്ഥാപനങ്ങളിലും കച്ചവടം നന്നേ കുറയുന്നതിനും ഗേറ്റ് അടച്ചത് കാരണമായിട്ടുണ്ട്. സാധാരണ ഗേറ്റ് അടവ് പോലും യാത്രക്ളേശം ഉണ്ടാക്കുന്ന അവസ്ഥയാണ് എന്നിരിക്കെ മുഴുവൻ സമയവും ഗേറ്റ് അടഞ്ഞുകിടക്കുന്ന ഇപ്പോഴത്തെ അവസ്ഥ ജനങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വർക്കല-ശിവഗിരി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ ഗേറ്റ് കടന്നാണ് നിലവിൽ പാരിപ്പള്ളി ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്നത്. സ്റ്റേഷനോട് ചേർന്നുള്ള ഗേറ്റായതിനാൽ ട്രെയിൻ സ്റ്റേഷനിൽ നിന്ന് കടന്നുപോയശേഷം മാത്രമേ ഗേറ്റ് തുറക്കാനുള്ള സിഗ്നൽ ലഭിക്കു. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. പലപ്പോഴും15 മുതൽ 30മിനിട്ട് വരെയോ ട്രെയിൻ ക്രോസിംഗ് ഉണ്ടെങ്കിൽ അതിലധികം സമയമോ സ്വകാര്യ ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ പ്രധാനറോഡിൽ നിറുത്തിയിടേണ്ട അവസ്ഥയുണ്ട്.

ലേബർ പ്രശ്നങ്ങൾ പരിഹരിക്കും

എൻജിനിയറിംഗ് ജോലിക്കായി എത്തിച്ച ജെ.സി.ബി തകരാറിലായതും ലേബർ പ്രശ്നങ്ങളുമാണ് അറ്റകുറ്റപ്പണികൾ നീളാൻ കാരണം. രണ്ട് ദിവസത്തിനകം പണി പൂർത്തിയാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ഓവർബ്രിഡ്ജ് യാഥാർത്ഥ്യമാക്കണം

റെയിൽവേ ഗേറ്റുകൾ മൂലമുള്ള ഗതാഗത തടസം വർക്കലയിലെ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. പ്രധാന റോഡുകളിൽ അഞ്ച് റെയിൽവേ ഗേറ്റുകളാണുള്ളത്. ഇടവ, മൂന്നുമൂല-ഇടവ എച്ച്.എസ് റോഡ്, പുന്നമൂട്, വർക്കല റെയിൽവേ സ്റ്റേഷന് സമീപം എന്നിവിടങ്ങളിലാണ് റെയിൽവേ ക്രോസിംഗ് ഗേറ്റുകളുള്ളത്. ഇതിൽ പുന്നമൂട്, ഇടവ, ജനതാമുക്ക് റെയിൽവേ ഗേറ്റുകളിൽ വലിയ യാത്രാദുരിതമാണ് യാത്രക്കാർ നേരിടുന്നത്. പുന്നമൂട് റെയിൽവേ ഓവർ ബ്രിഡ്ജിന് സർക്കാർ കോടികൾ കിഫ്‌ബി മുഖേന വകയിരുത്തിയിട്ടുണ്ടെങ്കിലും പദ്ധതി തറക്കല്ലിടലിൽ ഒതുങ്ങിയെന്നും ആക്ഷേപമുണ്ട്. ഓവർ ബ്രിഡ്ജ് വരാത്തിടത്തോളം കാലം യാത്രക്കാരും നാട്ടുകാരും യാത്രാദുരിതം ഇനിയും സഹിക്കേണ്ടിവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL