നാഗർകോവിൽ: ശിവരാത്രിയോടനുബന്ധിച്ചുള്ള ശിവാലയ ഓട്ടം 25ന് തുടങ്ങും. 26നാണ് മഹാശിവരാത്രി. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ ഓടി ദർശനം നടത്തും. ശൈവ- വൈഷ്ണവ ബന്ധം ഉറപ്പിക്കുന്ന ശിവാലയ ഓട്ടത്തിൽ ഭക്തർ 'ഗോവിന്ദാ... ഗോപാലാ..." എന്ന നാമജപവുമായാണ് ദർശനം നടത്തുന്നത്. 25ന് മുഞ്ചിറ തിരുമല ക്ഷേത്രത്തിൽ നിന്ന് സന്ധ്യാദീപാരാധന തൊഴുതാണ് ശിവാലയ ഓട്ടം ആരംഭിക്കുന്നത്. 110 കിലോമീറ്ററോളം യാത്ര ചെയ്ത്, ശിവരാത്രിയുടെ പിറ്റേന്ന് രാവിലെ തിരുനട്ടാലത്ത് ശങ്കരനാരായണനെ തൊഴുത് തീർത്ഥാടനം പൂർത്തിയാകും. കാൽനടയായി സഞ്ചരിക്കുന്നതാണ് ആചാരരീതി.
ക്ഷേത്രങ്ങൾ
1. തിരുമല
2. തിക്കുറുശ്ശി
3.തൃപ്പരപ്പ്
4. തിരുനന്തിക്കര
5. പൊന്മന
6. പന്നിപ്പാകം
7. കൽക്കുളം
8. മേലാങ്കോട്
9. തിരുവിടയ്ക്കോട്
10. തിരുവിതാംകോട്
11. തൃപന്നിയോട്
12. തിരുനട്ടാലം
ഘൃതധാര തിരുപന്നിയോട്
ശിവരാത്രിനാളിൽ 12 ശിവക്ഷേത്രങ്ങളിൽ ഓരോ വർഷവും ഓരോ ക്ഷേത്രങ്ങളിലായി നടക്കുന്ന ഘൃതധാരാ ഇത്തവണ പതിനൊന്നാമത്തെ ക്ഷേത്രമായ തൃപന്നിയോടാണ് നടക്കുന്നത്. കന്യാകുമാരി ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് ധാര നടക്കുന്നത്.
പ്രത്യേക ബസ് സർവീസുകൾ
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കന്യാകുമാരി ജില്ലയിൽ പ്രത്യേക ബസ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 7ന് മാർത്താണ്ഡം ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് 7.45ന് തിരുമല, 8.30ന് തിക്കുറിശ്ശി, 10ന് തൃപ്പരപ്പ്, 10.45ന് തിരുനന്തിക്കര, 11.45ന് പൊന്മന, 12.45ന് പന്നിപ്പാകം, 1.30 ന് കൽക്കുളം, 2.15ന് മേലാങ്കോട്, 2.45ന് തിരുവിടയ്ക്കോട്, 3.45ന് തിരുവിതാംകോട്, 5ന് തൃപന്നിയോട്, 5.30ന് തിരുനട്ടാലം എന്നിവിടങ്ങളിൽ എത്തും. തുടർന്ന് വൈകിട്ട് ആറോടെ മാർത്താണ്ഡം ബസ് സ്റ്റാൻഡിൽ തിരികെയെത്തും. ഒരാൾക്ക് 300 രൂപയാണ് ചാർജ്. 50 പേരടങ്ങുന്ന സംഘത്തിന് ബസ് മുഴുവനായും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |