
വട്ടപ്പാറ: രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ കുറ്റിയാണി അജിത് ഭവനിൽ ബാലചന്ദ്രൻ (67), ഭാര്യ ജയലക്ഷ്‌മി (63) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ രോഗാവസ്ഥയിലുണ്ടായ മനോവിഷമത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ഇന്നലെ ഉച്ചയോടെയാണ് സംഭവം. രാവിലെ പതിനൊന്നോടെ ഒരു കിലോമീറ്റർ അപ്പുറത്ത് താമസിക്കുന്ന മരുമകൾ രമ്യയെ ബാലചന്ദ്രൻ ഫോണിൽ വിളിച്ച് ഒരു യാത്ര പോകുകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ സുഖമില്ലാത്ത ജയലക്ഷ്മിക്ക് ദൂരയാത്ര പ്രയാസമായതിനാൽ രമ്യ അത് വിശ്വസിച്ചില്ല. ഉടൻ ബാലചന്ദ്രന്റെ വീട്ടിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് സമീപവാസികളുടെ സഹായത്തോടെ വാതിൽ തള്ളിത്തുറന്ന് നോക്കുമ്പോൾ കിടപ്പുമുറിയിലെ കട്ടിലിൽ ജയലക്ഷ്മി കഴുത്തുമുറിഞ്ഞ് മരിച്ച നിലയിലും ബാലചന്ദ്രൻ ഫാനിന്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഉടൻ വട്ടപ്പാറ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ചുനാളുകളായി ജയലക്ഷ്മി ന്യൂറോ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇടയ്ക്കിടെ തലചുറ്റി വീണിരുന്നതിനാൽ പുറത്തേക്ക് അധികമിറങ്ങിയിരുന്നില്ല. ഭാര്യയുടെ രോഗാവസ്ഥ കാരണം കോൺട്രാക്ടറായ ബാലചന്ദ്രനും ജയലക്ഷ്മിയെ ശുശ്രൂഷിച്ചാണ് കഴിഞ്ഞിരുന്നത്. മക്കൾ സമീപത്തുണ്ടെങ്കിലും അവരെ പരമാവധി ബുദ്ധിമുട്ടിക്കാതിരിക്കാൻ ബാലചന്ദ്രനും ഭാര്യയും ശ്രമിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിലെ പാചകമുൾപ്പെടെ ചെയ്തിരുന്നത് ബാലചന്ദ്രനായിരുന്നു. മക്കൾ മിക്കപ്പോഴും വരാറുണ്ടായിരുന്നെന്നും അയൽവാസികൾ പറയുന്നു. ജയലക്ഷ്മിയുടെ അസുഖം രണ്ടുപേരിലും മനോവിഷമം ഉണ്ടാക്കിയിരുന്നു. ഇതിലുള്ള മനോവിഷമത്തിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ബാലചന്ദ്രൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മക്കൾ: ശരത് (എസ്.എ.പി ക്യാമ്പ്, പേരൂർക്കട), വൈശാഖ്. മരുമക്കൾ: അശ്വതി, രമ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |