SignIn
Kerala Kaumudi Online
Friday, 23 October 2026 9.54 AM IST

ബില്യൺ ബീസ് നിക്ഷേപത്തട്ടിപ്പ്: പിന്നിൽ കള്ളപ്പണ ഇടപാടെന്ന് സൂചന

തൃശൂർ : ഇരിങ്ങാലക്കുടയിലെ ബില്യൺ ബീസ് നിക്ഷേപ തട്ടിപ്പിന് പിന്നിൽ കള്ളപ്പണ ഇടപാടുണ്ടെന്ന തെളിവുകൾ പുറത്ത്. ഉടമയായ സുബിൻ, ഇടപാടുകാരനോട് കള്ളപ്പണത്തെ കുറിച്ച് പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തായത്. ''പണം വരുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ എത്തിക്കാനാകും.പരിശോധന നടക്കുന്നതിനാൽ ശ്രദ്ധിച്ചേ കൈകാര്യം ചെയ്യാനാകൂവെന്നാണ്'' സുബിൻ ഓഡിയോയിൽ പറയുന്നത്. ഇത് സംബന്ധിച്ച അന്വേഷണം പൊലീസ് ആരംഭിച്ചു.

ഇതിനിടെ ,ഷെയർ ട്രേഡിംഗിന്റെ പേരിൽ 150 കോടി തട്ടിയ കേസിൽ സ്ഥാപനത്തിന്റെ ഉടമകളായ നടവരമ്പ് സ്വദേശികളായ ബിബിൻ കെ.ബാബു, ഭാര്യ ജെയ്ദ, സഹോദരൻ സുബിൻ, ലിബിൻ എന്നിവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നേരത്തെ 32 പരാതികളാണ് ലഭിച്ചത്. എന്നാൽ കേസ് ഒന്നിച്ച് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതിനാൽ വ്യത്യസ്ത പരാതികൾ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം രണ്ട് പേർ പരാതി നൽകി. ഇവർക്ക് രണ്ട് കോടി വീതമാണ് നഷ്ടമായത്. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തേണ്ടി വരുമെന്നതിനാൽ പലരും പരാതിയുമായി വരുന്നില്ലെന്നും പൊലീസ് പറയുന്നു.

നിലവിൽ ഇരിങ്ങാലക്കുട പൊലീസും ജില്ലാ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തുന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ളവർ തട്ടിപ്പിന് ഇരയായിട്ടുള്ളതിനാൽ കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും. നിലവിൽ രണ്ട് കോടിയിലേറെ രൂപ നഷ്ടപ്പെട്ടവരുടെ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. പത്ത് ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 30,000 മുതൽ 50,000 വരെ വരുമാനം ലഭിക്കും.

36 ശതമാനം വരെ ലാഭം, അറിഞ്ഞവർ പണം നിക്ഷേപിച്ചു. ആദ്യം നിക്ഷേപിച്ചവർക്ക് ദീർഘകാലം പ്രതിമാസം പണം ലഭിച്ചതോടെ, കൂടുതൽ പേർ വൻ തുകയുമായെത്തി. ഒടുവിൽ കഴിഞ്ഞ എട്ടു മാസമായി മുതലുമില്ല പലിശയുമില്ല. നിക്ഷേപകർ പണം ആവശ്യപ്പെടുമ്പോഴെല്ലാം അവധി പറഞ്ഞ് ഒഴിവാക്കി. പലതവണ ഫോണിൽ ബന്ധപ്പെട്ടു, അങ്ങനെയിരിക്കെയാണ് ഉടമകൾ കുടുംബത്തോടെ വിദേശത്തേക്ക് കടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL