SignIn
Kerala Kaumudi Online
Friday, 23 October 2026 6.48 PM IST

ഗ്രാമീണ മേഖലകളിൽ സജീവമായി ലഹരിമാഫിയ

പാലോട്: പൊലീസിന്റെയും എക്സൈസിന്റെയും കർശനമായ പരിശോധനകൾ കാരണം ഉൾവലിഞ്ഞിരുന്ന ലഹരി സംഘങ്ങൾ പൊലീസ് എക്സൈസ് ഇടപെടൽ കുറഞ്ഞതോടെ വീണ്ടും സജീവമാകുന്നു. നന്ദിയോട്,പാങ്ങോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി കേന്ദ്രങ്ങളിലും ലഹരി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുന്നത് വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലായതിനാൽ സന്ധ്യയായാൽ വഴിയാത്രക്കാർ സഞ്ചരിക്കുന്നത് ഭീതിയോടെയാണ്. ചാരായ വാറ്റ് വനമേഖലയുടെ മുക്കിനും മൂലയിലും യഥേഷ്ടം നടക്കുന്നുണ്ട്.

ആദിവാസി ഗ്രാമീണ മേഖലയുടെ വികസനത്തിനും പുതുതലമുറയുടെ വിദ്യാഭ്യാസത്തിനുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കുമ്പോഴും ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായി ജീവിതം അവസാനിപ്പിക്കുന്ന യുവതീയുവാക്കളുടെ എണ്ണം ആശങ്കാജനകമായി പെരുകുകയാണ്. നിരവധി ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നെങ്കിലും ലഹരി മാഫിയയെ അമർച്ചചെയ്യാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. പലതരം ചൂഷണങ്ങൾക്ക് ഇരകളായി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത പെൺകുട്ടികളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല.

മാനസിക സംഘർഷവും ആത്മഹത്യയും

ഒരു വർഷത്തിനിടെ പതിനഞ്ചോളം പെൺകുട്ടികൾ മരണപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെട്ട് മരണംവരിച്ച യുവാക്കളുടെ എണ്ണവും കുറവല്ല. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളാണ് ഇവരിലധികവും. ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലും പരിസരത്തുമായി നിരവധി യുവജനങ്ങൾ ലഹരി സംഘങ്ങളുടെ കെണിയിൽ കുടുങ്ങി ജീവനൊടുക്കിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

സംഘങ്ങൾ സജീവം

നന്ദിയോട്,പെരിങ്ങമ്മല,പാങ്ങോട് പഞ്ചായത്തുകളിലെ വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മുന്തിയ ഇനം കാറുകളിലും ഇരുചക്രവാഹനങ്ങളിലുമെത്തുന്ന സംഘം തമ്പടിച്ചാണ് വില്പന നടത്തുന്നത്. മൈലമൂട് സുമതി വളവ് വരെയും നന്ദിയോട് പഞ്ചായത്തിലെ ഉൾപ്രദേശങ്ങളുമാണ് ഇത്തരക്കാരുടെ വിഹാരകേന്ദ്രങ്ങൾ. ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്ന ഭാഗങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും ഇവർക്ക് സൗകര്യമാണ്.

നിരോധിത പുകയില ഉത്പന്നങ്ങളും

ചില കടകളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന തകൃതിയാണ്. നിരവധി തവണ എക്സൈസിൽ നാട്ടുകാർ വിവരം അറിയിച്ചെങ്കിലും അവഗണിക്കുകയാണുണ്ടായത്. അടിയന്തരമായി പൊലീസിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL