SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

ശാർക്കര കാളിയൂട്ട്: നിലത്തിൽപ്പോരും ദാരിക നിഗ്രഹവും ഇന്ന്

photo

ചിറയിൻകീഴ്: ശാർക്കരദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ എട്ടു ദിവസങ്ങളായി നടന്നുവരുന്ന കാളീനാടകത്തിന് ഇന്ന് പരിസമാപ്തി കുറിക്കും.ഇന്നലെ വൈകിട്ട് ക്ഷേത്ര പരിസരത്ത് അരങ്ങേറിയ മുടിയുഴിച്ചിൽ ചടങ്ങ് കാണാൻ ആയിരങ്ങളാണ് എത്തിയത്. ക്ഷേത്രപരിസരം വിട്ട് അഞ്ചുകിലോമീറ്ററോളം ദൂരം മുടിയുഴിച്ചിലിന് വേദിയായി. ഇവിടെയെല്ലാം വഴിയോരങ്ങൾ അലങ്കരിച്ചും നിറപറയും നിലവിളക്കും ഒരുക്കിയുമാണ് ഭക്തർ ദേവിയെ എതിരേറ്റത്.

ഇന്ന് വൈകിട്ട് 5ന് ക്ഷേത്രപ്പറമ്പിൽ അരങ്ങേറുന്ന നിലത്തിൽപ്പോരിൽ ദാരിക നിഗ്രഹം നടത്തി തിന്മയുടെമേൽ നന്മയുടെ ആന്തരിക വിജയം നേടും.ക്ഷേത്രപ്പറമ്പിലെ തുള്ളൽപ്പുരയും സമീപപ്രദേശങ്ങളും വേദിയായശേഷം അവസാനരംഗം അരങ്ങേറുന്നത് ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള വിശാലമായ പറമ്പിലാണ്.

ക്ഷേത്രത്തിന് സമീപമുള്ള ചുട്ടികുത്തൽപ്പുരയിൽ നിന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കി സർവാഭരണ വിഭൂഷിതയായ ദേവി ദംഷ്ട്രയും ചിലമ്പുമണിഞ്ഞ് ക്ഷേത്രത്തിലേക്കെത്തും. ശിവന്റെ പ്രതിനിധിയായ മേൽശാന്തി തീർത്ഥവും പ്രസാദവും കൊടുത്ത് ഭദ്രകാളിയെ അനുഗ്രഹിച്ചയയ്ക്കും.

തുടർന്ന് ദേവിയുടെ തിരുമുടി തലയിലേറ്റി കിഴക്കേനട വഴി പടക്കളമായ പറമ്പിലേക്ക് ഇറങ്ങും. ഉറഞ്ഞുതുള്ളി ആടിത്തിമിർത്ത് ദാരിക വധത്തിന് ഒരുങ്ങുന്ന ദേവിയെ കാഴ്ചക്കാർ വെറ്റില പറത്തിയും വായ്ക്കുരവയിട്ടും സ്തുതിക്കുന്നു. തുടർന്ന് ഭദ്രകാളിയും ദാരികനും പടക്കളത്തിൽ തിമിർത്താടുന്നു.

യുദ്ധത്തിന്റെ ഇടയ്ക്ക് വിശ്രമിക്കാൻ പടക്കളത്തിന്റെ തെക്ക് - വടക്ക് ഭാഗങ്ങളിൽ പ്രത്യേകം പ്രത്യേകം പറണുകൾ (തട്ട്) തീർത്തിട്ടുണ്ട്. ദേഹമാസകലം ദാരികന്റെ ശരങ്ങളേറ്റ ദേവി ക്ഷീണമകറ്റാൻ വേണ്ടി പറണിൽ കയറി അച്ഛനായ പരമശിവനെ ധ്യാനിക്കുന്നു. ദാരികന്റെ ശക്തിക്ഷയങ്ങളെക്കുറിച്ച് സൂത്രത്തിൽ മനസിലാക്കി രൗദ്രവീര്യത്തോടെ ദാരികന്റെ സമീപത്തേക്ക് ആഞ്ഞടുക്കുകയും ഘോരമായ യുദ്ധത്തിനുശേഷം ദാരികവധം നടത്തുകയും ചെയ്യുന്നു. ദാരികവധമെന്ന് സങ്കല്പിച്ച് കുലവാഴ വെട്ടി പ്രതീകാത്മകമായാണ് ദാരികവധം നിർവഹിക്കുന്നത്. നിഗ്രഹത്തിനു ശേഷമുള്ള ചടങ്ങാണ് മുടിത്താളം തുള്ളൽ.

ദുഷ്ടശക്തികളെ തോൽപ്പിച്ചതിലുള്ള സന്തോഷത്തിലാണ് മുടിത്താളമാടുന്നത്. കാളിയൂട്ടിന്റെ പ്രധാന കർമ്മിയായ പൊന്നറ ഉണ്ണികൃഷ്ണൻ കലശത്തിൽ സൂക്ഷിച്ചിരുന്ന വിത്ത് അഴിച്ചെടുത്ത് കാവൽമാടത്തിൽ കാവലിരിക്കുന്ന ബ്രാഹ്മണനും ഭണ്ഡാരപ്പിള്ളയ്ക്കും നൽകുന്നു. ഇവർ ഈ വിത്ത് മുടിയിലിടുന്നു. അതോടെ മുടിയിറക്കുന്നു. ക്ഷേമ ഐശ്വര്യങ്ങൾ നൽകാൻ പരമശിവൻ ദേവിയെ നിയോഗിക്കുന്നുവെന്ന സങ്കല്പത്തോടെ കാളിയൂട്ട് സമാപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL