
ശംഖുംമുഖം: ഇസ്ലാം മതവിശ്വാസികളുടെ പുണ്യമാസമായ റംസാനെ വരവേൽക്കാൻ വിശ്വാസികളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. നാളെ ശഅ്ബാൻ 29 ആയതിനാൽ അന്നേദിവസം സൂര്യാസ്തമയത്തോടെ മാസപ്പിറവി കാണുമെന്നാണ് കരുതുന്നത്. പകൽസമയം അന്നപാനീയമുപേക്ഷിച്ച് രാത്രികളിൽ ദീർഘനമസ്കാരങ്ങൾ നടത്തി പൂർണമായും ദൈവത്തിലേക്ക് സമർപ്പിക്കുന്ന ദിവസങ്ങളാണ് നോമ്പുകാലം. പള്ളികളിലെത്തുന്ന വിശ്വാസികൾക്ക് നോമ്പ് മുറിക്കാനാവശ്യമായ ഈത്തപ്പഴവും പഴവർഗങ്ങളും നോമ്പുകഞ്ഞിയും ഭക്ഷണവും നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. ഒട്ടുമിക്ക സ്ഥലങ്ങളിലും സ്ത്രീകൾക്കുവേണ്ടി രാത്രികാല നമസ്കാരത്തിനായി പ്രത്യേക സംവിധാനങ്ങളും പള്ളികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നോമ്പുകാലത്തെ വരവേൽക്കുന്നതിന് മുന്നോടിയായി പള്ളികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ദീനി വിജ്ഞാന സദസുകളും സംഘടിപ്പിച്ചു. ബാലരാമപുരം ടൗൺ മുസ്ളിം ജമാഅത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.
വിപണിയും സജീവം
നോമ്പുകാലം തുടങ്ങുന്നതോടെ കച്ചവടമേഖലയും ഉഷാറായിട്ടുണ്ട്. വിവിധയിനം ഈത്തപ്പഴങ്ങൾ മാർക്കറ്റുകളിൽ ലഭ്യമാണ്.ചൂട് കൂടിയതിനാൽ ഇത്തവണ പഴവർഗങ്ങൾക്ക് വിലകൂടിയിട്ടുണ്ടെങ്കിലും നോമ്പുകാലം പരിഗണിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പഴവർഗങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. നോമ്പുതുറ വിഭവങ്ങളുടെ വ്യാപാരവുമായി ചെറുകിടകച്ചവടക്കാരും നിരത്തുകളിൽ നിറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |