
പാലോട്: ഈറ്റത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ. അസംസ്കൃത വസ്തുവായ ഈറ്റ കിട്ടാനില്ലാത്തതും നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിക്കാത്തതുമാണ് ഇവരെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്. ഇടിഞ്ഞാറിൽ പ്രവർത്തിച്ചിരുന്ന ബാംബൂ കോർപ്പറേഷൻ ഓഫീസ് അടഞ്ഞുകിടന്നിട്ട് മൂന്ന് വർഷമായി. ഇതോടെ ഇരുനൂറോളം പരമ്പരാഗത ഈറ്റത്തൊഴിലാളികൾക്ക് വരുമാനമില്ലാതായി.
ഈറ്റത്തൊഴിലാളികളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, വിശാലമായ വിപണനസാദ്ധ്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പത്തു വർഷങ്ങൾക്ക് മുൻപ് ഇടിഞ്ഞാറിൽ ബാംബൂ കോർപ്പറേഷൻ ശാഖ തുടങ്ങുന്നത്. നെടുമങ്ങാട് താലൂക്കിലെ വിവിധ ഭാഗങ്ങളിലെ സംഘടിതരല്ലാത്ത ഇരുന്നൂറോളം തൊഴിലാളികൾ ഇവിടെ ജോലിചെയ്തിരുന്നു. ഗുണമേന്മയുള്ള ഈറ്റ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ശേഖരിച്ച് ഇടിഞ്ഞാറിലെത്തിച്ച് ഇവിടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ കോർപ്പറേഷൻ തന്നെ ശേഖരിച്ച് വില്പ്പന നടത്തുമായിരുന്നു.
വട്ടി,കുട്ട,മുറം,വിവിധതരം പായകൾ,വൈവിദ്ധ്യമാർന്ന കരകൗശല വസ്തുക്കൾ എന്നിവയും ഉത്പാദിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ വിവിധ പരിശീലനപരിപാടികളും നടത്തിവന്നിരുന്നു. ഇന്ന് ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡും നിലവിലില്ല.ഓഫീസ് കെട്ടിടത്തിന്റെ ഉടമസ്ഥന് മൂന്ന് വർഷത്തെ വാടക കുടിശികയുണ്ട്. തൊഴിലാളികൾക്ക് ബാംബൂ കോർപറേഷനിൽ നിന്ന് പെൻഷൻ ഉൾപ്പടെയുള്ള സഹായവും ലഭിക്കുന്നില്ല.
ഈറ്റ ശേഖരിക്കാനുമാവുന്നില്ല
തദ്ദേശീയമായി ഈറ്റ ശേഖരിക്കുന്നതിന് അനുവാദമില്ല. അംഗീകാരമുള്ള പരമ്പരാഗത ഈറ്റ തൊഴിലാളികൾക്ക് വനത്തിനുള്ളിൽ പ്രവേശിച്ച് ഈറ്റ വെട്ടി തലച്ചുമടായി കൊണ്ടുവരാൻ അനുവാദം നൽകണമെന്ന നിബന്ധന ഇപ്പോഴുമുണ്ട്. എന്നാൽ ഇടിഞ്ഞാറും ചുറ്റുമുള്ള മേഖലകളിലെ കൂടുതൽ ഭാഗങ്ങളും കെ.എഫ്.ഡി.സിയുടെ നിയന്ത്രണത്തിലാണ്. ഇവർ വനത്തിനുള്ളിൽ തൊഴിലാളികളെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു.
ഈറ്റ ഉത്പന്നങ്ങൾക്ക് വിലയുമില്ല
വനാതിർത്തിയിലുള്ള ഈറ്റ ശേഖരിക്കാൻ കാട്ടുമൃഗങ്ങളും സമ്മതിക്കുന്നില്ല. ഈറ്റ കൂടുതലായി ഉള്ള പ്രദേശങ്ങളിൽ ആനയിറങ്ങി ഈറ്റ മുഴുവൻ നശിപ്പിക്കുകയാണ്.അംഗീകാരമുള്ള തൊഴിലാളികൾക്ക് വനത്തിൽ പ്രവേശിച്ച് ഈറ്റ വെട്ടാൻ അനുവദിക്കുക, ബാംബൂ കോർപ്പറേഷൻ ശാഖ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കുക എന്നിവയാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. വനാതിർത്തികളിലുള്ള ഈറ്റക്കാടുകൾ വെട്ടിമാറ്റപ്പെട്ടതിനാൽ ഇപ്പോൾ ഈറ്റ ലഭിക്കാൻ ഉൾവനങ്ങളിലേക്കു പോകേണ്ട അവസ്ഥയാണ്.നാമമാത്രമായ തൊഴിലാളികൾക്ക് മാത്രമാണ് സർക്കാരിന്റെ ക്ഷേമനിധി ആനുകൂല്യം ലഭിക്കുന്നതെന്നും പരാതിയുണ്ട്.
പ്രാദേശിക മാർക്കറ്റിൽ 200 രൂപ മുതൽ 350 രൂപവരെ വിലയുണ്ടായിരുന്ന ഈറ്റ ഉത്പന്നങ്ങൾക്ക് ഇന്ന് നൂറുരൂപയിൽ താഴെയാണ് ലഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |