തിരുവനന്തപുരം : ചിറയിൻകീഴ് കീഴുവില്ലം നയിനത്തോണം ലക്ഷം വീട് കോളനി സ്വദേശി വിനയകുമാർ എന്ന വിനയനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ചിറയിൻകീഴ് കീഴുവില്ലം പമ്മൻകോട് ചരുവിള വീട്ടിൽ ബിഡി എന്ന സജീവിനെ ജീവപര്യന്തം കഠിന തടവിനും 1,10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഇയാളുടെ സുഹൃത്തും കൂട്ടു പ്രതിയും കെ.എസ്.ഇ.ബി കരാർ ജീവനക്കാരനുമായ ചിറയിൻകീഴ് കീഴുവില്ലം പമ്മൻകോട് ചരുവിള പുത്തൻവീട്ടിൽ ആയിരം പല്ലൻ എന്ന ഷിബുവിനെ രണ്ട് വർഷം കഠിന തടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. അഞ്ചാം അഡിഷണൽ സെഷൻസ് ജഡ്ജ് സിജു ഷേഖാണ് പ്രതികളെ ശിക്ഷിച്ചത്.
2010 മേയ് 13 നായിരുന്നു സംഭവം. അന്നേദിവസം വൈകിട്ട് പ്രതി സജീവും കൊല്ലപ്പെട്ട വിനയകുമാറും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതിന് പ്രതികാരമെന്ന നിലയിലാണ് വിനയകുമാറിന്റെ വീട്ടിലെത്തിയ പ്രതി കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകത്തി കൊണ്ട് കഴുത്തിൽ വെട്ടി കൊലപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതി ആയുധങ്ങൾ ഒളിപ്പിക്കാനും തെളിവു നശിപ്പിക്കാനും പ്രതിയെ സഹായിച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്. പ്രതി പിഴത്തുക ഒടുക്കിയാൽ ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട വിനയകുമാറിന്റെ ഭാര്യ സന്ധ്യക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |