
കുളത്തൂർ: 37ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ വീട്ടിൽ നിന്ന് പിടികൂടി.ഇൻഫോസിസിനു സമീപം തട്ടാക്കുടി ലെയിനിൽ തിരുവോണം വീട്ടിൽ സഞ്ജുവാണ് (32) പിടിയിലായത്. സിറ്റി ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ പിടികൂടിയത്.ബംഗളൂരുവിൽ നിന്നെത്തിച്ച എം.ഡി.എം.എ ചില്ലറ വില്പനയ്ക്കായി എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഡാൻസാഫ് ടീമും കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ നിയാസിന്റെ നിർദ്ദേശാനുസരണം തുമ്പ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടാനായത്.ഇയാളുടെ സഹോദരൻ സച്ചു തുമ്പ പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. പൊലീസ് പരിശോധനയ്ക്കായി എത്തിയപ്പോൾ സഞ്ജു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മയക്കുമരുന്ന് വില്പനയിൽ ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. കുഴിവിള,തമ്പുരാൻമുക്ക്,മുക്കോലയ്ക്കൽ എന്നിവിടങ്ങളിൽ രാത്രി കാലങ്ങളിൽ മാരക മയക്കുമരുന്ന് ഉപയോഗവും വില്പനയും നടക്കുന്നതായി നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ പരിശോധനകൾ നടത്തുന്നില്ലെന്ന ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |