ശംഖുംമുഖം: ജൻറം പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ മുടക്കി മുട്ടത്തറയിൽ സ്ഥാപിച്ച സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിൽ ശുദ്ധീകരിച്ചെടുക്കുന്ന വെള്ളവും,ഖരമാലിന്യവും ഏറ്റെടുക്കാൻ ആളില്ല.അതിനാൽ മലിനജലം ശുദ്ധീകരിച്ചശേഷം വീണ്ടും പാർവതി പുത്തനാറിലേക്ക് തന്നെ ഒഴുക്കുകയാണ്.
നഗരത്തിൽ നിന്ന് പൈപ്പ് ലൈൻ വഴിയെത്തിക്കുന്ന ഡ്രെയിനേജ് ജലം ശുദ്ധീകരിച്ച് മാലിന്യം വളമാക്കുകയാണ് ചെയ്യുന്നത്.പ്ളാന്റിൽ ശുദ്ധീകരിക്കുന്ന വെള്ളം കെട്ടിടനിർമ്മാണ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാം.ഇത് ആവശ്യക്കാർക്ക് സൗജന്യമായാണ് നൽകുന്നത്.മലിനജലത്തിൽ നിന്ന് വേർതിരിച്ച് രൂപപ്പെടുത്തുന്ന വളം പച്ചക്കറി കൃഷിക്കടക്കം ഉപയോഗിക്കാം.തുടക്കത്തിൽ ഇതാവശ്യപ്പെട്ട് കുറച്ചുപേർ എത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ആരും എത്തുന്നില്ളെന്നാണ് അധികൃതർ പറയുന്നത്.
ടെറ്റാനിയം മുന്നോട്ടു വന്നെങ്കിലും
പ്ളാന്റിൽ നിന്നും ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്ന ജലം വ്യവസായികമായി വാങ്ങാൻ ട്രാവൻകൂർ ടൈറ്റാനിയം ചർച്ച നടത്തിയിരുന്നു. പ്ളാന്റ് സന്ദർശിച്ച് ശുദ്ധീകരണം വിലയിരുത്തി.മുട്ടത്തറയിൽ നിന്ന് വേളി വരെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് വൻസാമ്പത്തിക ബാദ്ധ്യതയാകുമെന്ന് കണ്ടെതിനെ തുടർന്ന് പിന്മാറുകയായിരുന്നു.
പ്ളാന്റ് പ്രവർത്തനം
മുട്ടത്തറയിൽ 100 ഏക്കർ സ്ഥലത്ത് 80 കോടി രൂപ ചെലവഴിച്ചാണ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് നിർമ്മിച്ചത്. ഇന്ത്യയിലെ ഏറ്റവും വലുതും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിർമ്മാണം. 107 ദശലക്ഷം ലിറ്റർ ശുദ്ധീകരണ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ളാന്റിൽ ഇപ്പോൾ എത്തുന്നത് 30 ദശലക്ഷം ഡ്രെയിനേജ് മാത്രമാണ്. പ്ളാന്റിന്റെ സംഭരണശേഷിയുടെ പകുതി മാത്രമാണിത്. ഡ്രെയിനേജ് വിപുലീകരണ പദ്ധതി നടപ്പാക്കിയാൽ നഗരപരിധിയിലെ 75 ശതമാനം വാർഡുകളിലെ ഡ്രെയിനേജും ഇവിടെ സംസ്കാരിക്കാൻ കഴിയുമെന്ന് പ്ളാന്റ് അധികൃതർ പറയുന്നു.2041ൽ തിരുവനന്തപുരത്തുണ്ടാകുന്ന ജനസംഖ്യ കണക്കിലെടുത്ത് 215 ദശലക്ഷം ലിറ്റർ ശേഷിയുള്ള സ്വീവേജ് പ്ളാന്റാണ് സുസ്ഥിര വികസന പദ്ധതി പ്രകാരം മുട്ടത്തറയിൽ വിഭാവനം ചെയ്തിട്ടുള്ളത്.
തീരദേശ വാർഡുകൾ പടിക്കുപുറത്ത്
തീരദേശത്തെ വാർഡുകളിലെ മാലിന്യം പ്ളാന്റിൽ എത്തിക്കാനുള്ള ഡ്രെയിനേജ് സംവിധാനം ഇനിയും പൂർത്തിയായിട്ടില്ല.നഗരത്തെ എട്ട് ബ്ളോക്കുകളായി തിരിച്ച് ഡ്രെയിനേജ് സംവിധാനം വഴി മാലിന്യം പ്ളാന്റിൽ എത്തിക്കുന്നതിൽ നിന്ന് തീരദേശത്തെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ നിരവധി പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയെങ്കിലും ഫലം കണ്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |