
റൺവേയല്ല, ടെർമിനലാണ് വേണ്ടതെന്ന് അദാനി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് രണ്ടാംറൺവേ നിർമ്മിക്കണമെന്ന ആവശ്യം വീണ്ടുമുയരുന്നു. ശംഖുംമുഖത്ത് കടൽനികത്തി രണ്ടാംറൺവേ നിർമ്മിക്കാനുള്ള പദ്ധതി നേരത്തേ സർക്കാർ ഉപേക്ഷിച്ചതാണ്. രണ്ടാംറൺവേ വേണമെന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പിന്റെ ആവശ്യം തിരുവനന്തപുരം വികസനഅതോറിട്ടി(ട്രിഡ) വിമാനത്താവള അധികൃതർക്ക് കൈമാറി. എന്നാൽ ഇപ്പോൾ പുതിയ റൺവേയല്ല, ടെർമിനൽ വികസനമാണ് വേണ്ടതെന്നാണ് അദാനിഗ്രൂപ്പ് വ്യക്തമാക്കുന്നത്. 30 വർഷത്തേക്കുള്ള ആവശ്യങ്ങൾക്ക് നിലവിലെ റൺവേ മതിയാവുമെന്നും പുതിയ റൺവേയ്ക്ക് ഇപ്പോൾ പദ്ധതിയില്ലെന്നുമാണ് അദാനിയുടെ നിലപാട്.
3373മീറ്റർ നീളവും 150അടി വീതിയുമുള്ളതാണ് തിരുവനന്തപുരത്തെ റൺവേ. 200കോടിയിലേറെ ചെലവിട്ട് 191രാജ്യങ്ങളിലേതുപോലുള്ള നിലവാരത്തിൽ റീകാർപ്പെറ്റിംഗ് നടത്തുകയാണിപ്പോൾ. പ്രതിദിനം ശരാശരി നൂറ് സർവീസുകളിലായി 15000ലേറെ യാത്രക്കാരുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ടെർമിനൽ കെട്ടിടങ്ങൾ വികസിപ്പിക്കുകയാണ് വേണ്ടതെന്ന് അദാനിഗ്രൂപ്പ് വ്യക്തമാക്കി. 1300കോടിയുടെ പദ്ധതി ഇതിനായി നടപ്പാക്കുകയാണ്. ടാക്സിബേ,പാർക്കിംഗ്ബേകൾ, ഡ്രെയിനേജ്സംവിധാനം എന്നിവയും നവീകരിക്കുന്നുണ്ട്.
അതേസമയം, റൺവേ കൂടുതൽ സുരക്ഷിതമാക്കാൻ ബേസിക്സ്ട്രിപ്പ് നിർമ്മിക്കാനുള്ള സ്ഥലം സർക്കാർ എയർപോർട്ട് അതോറിട്ടിക്ക് കൈമാറും. റൺവേയുടെ മദ്ധ്യത്തിൽ നിന്ന് 150മീറ്റർ ഇരുവശത്തും ഒഴിച്ചിടണമെന്നാണ്ചട്ടം. ഈസ്ഥലത്ത് നിർമ്മാണങ്ങൾ അനുവദിക്കില്ല. റൺവേയുടെ പലഭാഗത്തും 20മീറ്റർ വരെ കുറവുണ്ട്. ആൾസെയിന്റ്സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവ്. ഇത്പരിഹരിക്കാൻ ബ്രഹ്മോസിന്റെ 4.557, ഫയർഫോഴ്സിന്റെ 4.417, ചാക്ക ഐ.ടി.ഐയുടെ 0.007ഏക്കർ വീതവും 4.205ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുക്കും.
തലസ്ഥാനത്തേത്
സൂപ്പർ റൺവേ
1)ഏത് പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായി ലാൻഡിംഗിന് പറ്റിയ റൺവേയാണ് തിരുവനന്തപുരത്തേത്.
2)മഴയത്തും മൂടൽമഞ്ഞിലും കാഴ്ചക്കുറവുള്ളപ്പോഴും സുരക്ഷിത ലാൻഡിംഗിനുള്ള അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം 5.83കോടി ചെലവിട്ട് സജ്ജമാക്കിയിട്ടുണ്ട്.
3)റൺവേയിൽ നിന്ന് തെന്നിമാറിയുള്ള അപകടങ്ങളും കാഴ്ചപരിധിയില്ലാതെ വഴിതിരിച്ചു വിടുന്നതു മൂലമുള്ള സാമ്പത്തിക - സമയനഷ്ടവും ഒഴിവായി.
എയർപോർട്ട് ഭൂമി
വളരെ കുറവ്
തിരുവനന്തപുരം..............628.70
കണ്ണൂർ..................................3200
കൊച്ചി..................................1300
ബംഗളൂരു.............................5200
(ഏക്കറിൽ)
കടൽറൺവേ
ശംഖുംമുഖത്ത് കടൽനികത്തി റൺവേയുണ്ടാക്കാനുള്ള 2018ലെ നിർദ്ദേശം പാരിസ്ഥിതിക പ്രശ്നങ്ങൾ കാരണം സർക്കാർ ഉപേക്ഷിച്ചതാണ്. 5.5കിലോമീറ്റർ നീളത്തിലായിരുന്നു റൺവേയ്ക്കൊരുങ്ങിയത്. ശംഖുംമുഖം റോഡ് ടാക്സിബേയ്ക്ക് അടിയിലൂടെയാക്കുന്ന തരത്തിലായിരുന്നു പദ്ധതി. അതിരൂക്ഷമായ കടലാക്രമണമുള്ള അവിടെ പദ്ധതി പ്രായോഗികമാവില്ലെന്ന് കണ്ട് ഉപേക്ഷിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |