
നെയ്യാറ്റിൻകര: കേരളത്തിലെ കോളേജുകളും സ്കൂളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന പ്രതി പിടിയിൽ. രാമപുരം സ്വദേശി ചക്കര പ്രവീൺ എന്നു വിളിക്കുന്ന പ്രവീൺ ( 38) ആണ് അറസ്റ്റിലായത്. 2009 മുതൽ കേരളത്തിൽ ആകമാനം സ്പിരിറ്റ് കടത്തിയ കേസിലെ പ്രതികൂടിയാണ് ഇയാൾ. കൂടുതൽ ലാഭം കിട്ടുന്നതിനായി കഞ്ചാവ് കടത്തിലേക്ക് മാറുകയായിരുന്നു. ആഡംബര കാറുകളിൽ ആന്ധ്രപ്രദേശിലെ ഉൾവന മേഖലകളിൽ നിന്നും 100കിലോയ്ക്ക് മുകളിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കേരള തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലെ ഗോഡൗണുകളിൽ ഇറക്കിയ ശേഷം കേരളത്തിലെ ചെറുകച്ചവടക്കാർക്ക് 10 കിലോ 15 കിലോ കണക്കിൽ വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയ നിരവധി കേസിലെ പ്രതിയും ഗുണ്ടയുമായ ശാന്തിഭൂഷനെ കഴിഞ്ഞ മാസം പത്തര കിലോ കഞ്ചാവുമായി ആറാലിമൂട് വച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. അയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ കഞ്ചാവ് കൊണ്ടുവന്നത് പ്രവീൺ ആണെന്ന് സ്ഥിരീകരിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രവീണിനെ പൂങ്കുളം ഭാഗത്തുനിന്നും കസ്റ്റഡിയിൽ എടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |