കുത്തിയോട്ട വ്രതം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: ആറ്റുകാലമ്മയുടെ രണ്ടാം ഉത്സവദിനമായ ഇന്നലെ അമ്മയുടെ അനുഗ്രഹത്തിനായി പതിനായിരങ്ങളൊഴുകിയെത്തി. എങ്ങും അലയടിച്ചത് അമ്മയെ വിളിച്ചുള്ള പ്രാർത്ഥനകളും നാമജപങ്ങളും മാത്രം. മൂന്നാം ഉത്സവദിവസമായ ഇന്ന് രാവിലെ 9.15ന് കുത്തിയോട്ട വ്രതം ആരംഭിക്കും. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിൽ ഈറനുടുത്ത് ദേവിയെ പ്രണമിച്ച് തന്ത്രിക്ക് മുന്നിൽ വെള്ളിപ്പലകയിൽ നാണയം വച്ച് കുട്ടികൾ വ്രതം നോൽക്കാൻ തുടങ്ങും. പത്തിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള 592 ബാലന്മാരാണ് കുത്തിയോട്ട നേർച്ചയ്ക്കായി ഇക്കുറി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏഴുദിവസം ക്ഷേത്രത്തിൽ താമസിക്കുന്ന ഇവർ പൊങ്കാലദിവസമായ 13ന് രാത്രിയിൽ നടക്കുന്ന പുറത്തെഴുന്നള്ളത്തിൽ ദേവിക്ക് അകമ്പടി സേവിക്കും.ഇന്ന് രാവിലെ 10.30 മുതൽ അംബ ഓഡിറ്റോറിയത്തിൽ പ്രസാദ ഊട്ട് നടക്കും.തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭക്തജനങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക ഗ്രൗണ്ടുകൾ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്. പൊങ്കാലക്കലങ്ങളും പൊങ്കാലയ്ക്കു വേണ്ട വസ്തുക്കളും മുൻകൂട്ടി വാങ്ങാനുള്ള തിരക്കും വിപണിയിൽ വർദ്ധിച്ചു.
കലയിൽ അലിഞ്ഞ് ആറ്റുകാൽ
വൈകിട്ട് ക്ഷേത്രത്തിലെ ദീപാരാധന തൊഴാനും അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളിൽ കലാപരിപാടികൾ ആസ്വദിക്കാനും വലിയ തിരക്കാണ്. ഇന്ന് എ.ഡി.ജി.പി ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ വൈകിട്ട് 6.30 മുതൽ അംബാ ഓഡിറ്റോറിയത്തിൽ നടക്കും. പിന്നണിഗായകൻ ഡോ.മനോ നയിക്കുന്ന ഗാനമേള രാത്രി 10ന് അരങ്ങേറും.നാളെ വൈകിട്ട് 5 മുതൽ ക്ഷേത്രത്തിന് മുൻവശത്ത് ശ്രീചക്ര സ്കൂൾ ഒഫ് കളരിപ്പയറ്റ് അവതരിപ്പിക്കുന്ന കളരിപ്പയറ്റ് അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |