
കല്ലറ: മോട്ടോർ സൈക്കിൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ.തമിഴ്നാട് ചെങ്കോട്ട സ്വദേശി മുഹമ്മദ് യൂസഫാണ് (55) പാങ്ങോട് പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 23ന് രാവിലെ കല്ലറ പള്ളിമുക്കിൽ ടൂവീലർ വർക്ക് ഷോപ്പിന് സമീപം പാൽക്കുളങ്ങര സ്വദേശിയുടെ ബൈക്ക് മോഷണം പോയി.ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പൊലീസ് സി.സി ടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുക്കുന്നുരിൽ 3 മാസമായി റഫ്രിജറേഷൻ സർവീസ് സെന്റർ നടത്തുകയായിരുന്നു യൂസഫ്.തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കടയ്ക്ക് അകത്ത് ബൈക്കും കണ്ടെത്തി. മോഷ്ടിക്കുന്ന ബൈക്ക് ഇയാൾ തമിഴ്നാട്ടിലെ തെങ്കാശിയിൽ കൊണ്ടുപോയി പൊളിച്ച് വിൽക്കും.
ഇയാൾക്കെതിരെ കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും കേസുകളുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റൂറൽ എസ്.പിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചുനാഥ്,പാങ്ങോട് സി.ഐ ജിനേഷ്, എസ്.ഐ വിജിത്ത്.വി.നായർ,എസ്.സി.പി.ഒ വൈശാഖൻ,സജിത്ത്,നിസാം,ദിലീപ്, സുധീർ,ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |