SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

വിനീത കൊലക്കേസ്: കോടതി വിശദീകരണം തേടി

തിരുവനന്തപുരം : വിനീത കൊലക്കേസ് വിചാരണയുടെ അന്തിമ വാദത്തിനിടെ പ്രോസിക്ക്യൂഷന്‍ തെളിവുകളിൽ വ്യക്തത വരുത്തുന്നതിനായി

ഫോറൻസിക് - സൈബർ വിദഗ്ദരെ വിളിച്ചുവരുത്തി കോടതി വിശദീകരണം തേടി. ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് ഫോറൻസിക് വിദഗ്ദ്ധൻ എസ്.ആർ.സുരേഷ്, സൈബർ വിദഗ്ദ്ധ അനു ഫിലിപ്പ് എന്നിവരെ വിളിച്ചുവരുത്തിയത്.

പേരൂർക്കടയിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂർ ചരുവിള കോണത്ത് സ്വദേശിനിയുമായ വിനീതയെയാണ് കന്യാകുമാരി തോവാള വെള്ളിമഠം സ്വദേശി രാജേന്ദ്രൻ കൊലപ്പെടുത്തിയത്. 2022 ഫെബ്രുവരി 6നായിരുന്നു സംഭവം. അന്നേദിവസം പ്രതി അമ്പലംമുക്കിൽ നിന്ന് വിനീത ജോലി ചെയ്തിരുന്ന അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലേക്ക് പോകുന്ന ദൃശ്യങ്ങൾ പ്രോസിക്ക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിയുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്ന തരത്തിൽ ദൃശ്യങ്ങൾ മികവുറ്റതാക്കി കാണിക്കുന്നതിനാണ് കോടതി അനു ഫിലിപ്പിന്റെ സഹായം തേടിയത്.

വിനീതയെ ഫോണിൽ കിട്ടാതെ വന്നപ്പോൾ തിരക്കിനിടെ ഫോണെടുക്കാൻ മറന്ന താൻ, കടയിലെത്തി വിനീത മരിച്ച് കിടക്കുന്നത് കണ്ട് വിനീതയുടെ ഫോണിൽ നിന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്ന് കടയുടമ കോടതിയിൽ മൊഴി നൽകിയിരുന്നു. പൊലീസ് ഹാജരാക്കിയ കോൾ ലിസ്റ്റിൽ പൊലീസിനെ അടിയന്തര സാഹചര്യത്തിൽ വിളിക്കുന്ന 100 എന്ന നമ്പരോ, കടയുടമയുടെ മിസ്ഡ് കോളുകളോ ഉണ്ടായിരുന്നില്ല. ഫോറൻസിക് വിഭാഗത്തിലെ മൊബൈൽ വിദഗ്ദ്ധൻ സുരേഷിനെ ഇക്കാര്യം ഉറപ്പിക്കാനാണ് വിളിപ്പിച്ചത്. വിനീതയുടെ മൂന്ന് വർഷം മുൻപ് പ്രവർത്തന രഹിതമായ ഫോൺ പ്രവർത്തന ക്ഷമമാക്കി കടയുടമയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലുള്ള തെളിവുകൾ സുരേഷ് കോടതിയെ ബോദ്ധ്യപ്പെടുത്തി. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി. കേസ് 18ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL