
പാലോട്: പൊതുവിപണിയേക്കാൾ വിലക്കുറവിൽ വിഷു വിപണി കീഴടക്കാൻ ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത പച്ചക്കറികൾ ജില്ലയിലെത്തും. നന്ദിയോട്, ആനാട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ പച്ചക്കറിയുടെ മായാപ്രപഞ്ചമാണ് ഒരുക്കിയിട്ടുള്ളത്. നൂറോളം കർഷകർ വിളയിച്ചെടുത്ത പയർ, ചീര, വെണ്ട, വഴുതന, പാവൽ, പുതിന, മല്ലിയില, ഇഞ്ചി, ചേന, ചേമ്പ്, വ്ളാത്താങ്കര ചീര, വിവിധയിനം തണ്ണിമത്തൻ, കോളിഫ്ലവർ, കാച്ചിൽ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ടൺകണക്കിന് വിപണിയിലെത്തും. പൊതുവിപണിയേക്കാൾ 20 മുതൽ 50 ശതമാനം വിലക്കുറവിലാകും വില്പന. കണിവെള്ളരിയുടെ വൻശേഖരമാണ് നിലവിലുള്ളത്. കപ്പ, പാളയംകോടൻ, ഏത്തൻ, രസകദളി തുടങ്ങിയ കുലവർഗങ്ങളും കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അൻപത് ഹെക്ടറോളം സ്ഥലത്താണ് ജൈവകൃഷി ചെയ്തിരിക്കുന്നത്. സർക്കാർ നടപ്പാക്കിയ ഒരു മുറം പച്ചക്കറി പദ്ധതിയുമായി വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും, കൃഷിക്കായി സ്ഥലമില്ലാത്തവർ വീടുകളിലെ മട്ടുപ്പാവിലും കൃഷി ചെയ്തതിനാൽ അന്യസംസ്ഥാന പച്ചക്കറിക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. കാലാവസ്ഥയിലുണ്ടായ വ്യതിയാനയും കനത്ത ചൂടും പ്രതിസന്ധിയായി നിൽക്കുമ്പോഴും വൻപ്രതീക്ഷയിലാണ് കർഷകർ.
മരച്ചീനിയും വിപണിയിൽ
മലയോര കർഷകന്റെ പ്രധാന വരുമാന സ്രോതസായ മരച്ചീനിക്ക് ഇത് സുവർണകാലം. പച്ചമരച്ചീനിക്ക് 20 മുതൽ 22 രൂപയുണ്ടായിരുന്നത് ഇപ്പോൾ 35-40 നിരക്കിലാണ് വിപണിയിൽ ലഭ്യമാകുന്നത്. കുറഞ്ഞ പരിചരണം മതിയെന്നതാണ് കപ്പ കൃഷിയെ പ്രിയങ്കരമാക്കുന്നത്. മലയൻ, റൊട്ടിക്കപ്പ, ഏത്തക്കപ്പ, പതിനെട്ട്, പുല്ലാനിക്കപ്പ, ആമ്പക്കാടൻ, ആന മറവൻ, കട്ടൻ കപ്പ എന്നിവയാണ് പ്രധാനപ്പെട്ട കപ്പ ഇനങ്ങൾ.
വില്ലനായി കാട്ടുമൃഗങ്ങൾ
കർഷകർക്കെന്നും കാട്ടുമൃഗങ്ങളൊരു പേടിസ്വപ്നമാണ്. പന്നി, ആന, മ്ലാവ്, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമാണ്. രാത്രിയും പകലും കർഷകർ പൂർണമായും കൃഷിയിടങ്ങളിൽ താത്കാലിക ഷെഡ് നിർമ്മിച്ച് സംരക്ഷണമൊരുക്കുമെങ്കിലും കൂട്ടമായെത്തുന്ന വന്യമൃഗങ്ങളെ തുരത്തുക അസാദ്ധ്യമാണ്. അധികാരികളോട് പരാതിപ്പെട്ടാലും യാതൊരു നടപടിയും ഉണ്ടാകാത്തതാണ് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |