SignIn
Kerala Kaumudi Online
Friday, 23 October 2026 10.29 AM IST

പൊങ്കാലയ്ക്ക് ഇനി രണ്ടുനാൾ ഒരുക്കങ്ങൾ പൂർണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി രണ്ടുനാൾ മാത്രം. അനന്തപുരിയെ ആനന്ദപുരിയാക്കി പൊങ്കാല അടുപ്പുകളിൽ 13ന് അഗ്നി ജ്വലിക്കും. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.13ന് രാവിലെ 10.15ന് പൊങ്കാല അടുപ്പുകൾ ജ്വലിക്കും. ശ്രീകോവിലിൽ നിന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തിക്ക് കൈമാറും. അദ്ദേഹം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ അഗ്നി പകർന്നശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും. സഹമേൽശാന്തി വലിയതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും ക്ഷേത്രത്തിന് മുൻവശത്തെ പാട്ടുപുരയ്ക്കടുത്തുള്ള പണ്ടാര അടുപ്പിലും അഗ്നിപകരും. തുടർന്ന് നഗരത്തിലെ വീഥികളിലും വീട്ടുമുറ്റങ്ങളിലും പൊങ്കാല അടുപ്പുകൾ ജ്വലിക്കും. ഉച്ചയ്ക്ക് 1.15നാണ് പൊങ്കാല നിവേദ്യം. വൈകിട്ടോടെ നഗരം തിരക്കുമാറി പൂർവസ്ഥിതിയിലെത്തും. നഗരത്തിലെങ്ങും പൊങ്കാലയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിലാണ്. എല്ലായിടത്തും വൈദ്യുത ദീപാലങ്കാരങ്ങളും ദേവീചിത്രങ്ങളാൽ അലങ്കരിച്ച പന്തലുകളും ഉയർന്നിട്ടുണ്ട്.രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽക്കുത്ത് നടക്കും. 11ന് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്ത് പുറപ്പെടും. അടുത്ത ദിവസം രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് തിരിച്ചെഴുന്നള്ളിച്ച് ഒമ്പതോടെ ക്ഷേത്രത്തിലെത്തും. വെള്ളിയാഴ്ച രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 1ന് നടക്കുന്ന കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.
ക്ഷേത്രപരിസരത്ത് പൊങ്കാലയർപ്പിക്കുന്നതിനായി സ്ഥലസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാർക്കിംഗിനായി അധികസ്ഥലവും ഒരുക്കിയിട്ടുണ്ട്. അന്നദാനത്തിനും ദാഹജല വിതരണത്തിനും വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങളും കപ്പുകളുമാണ് ഉപയോഗിക്കേണ്ടത്. ട്രസ്റ്റിന്റെ അന്നദാനവിതരണ സ്ഥലങ്ങളിലെല്ലാം സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളുമാണ് ഉപയോഗിക്കുന്നത്. കഠിനമായ ചൂടായതിനാൽ നിശ്ചിത അകലം പാലിച്ചു വേണം പൊങ്കാലയിടാനെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.ട്രസ്റ്റ് ചെയർമാൻ എസ്.വേണുഗോപാൽ,പ്രസിഡന്റ് വി.ശോഭ,സെക്രട്ടറി കെ.ശരത്കുമാർ,ട്രഷറർ എ.ഗീതകുമാരി,ജോയിന്റ് സെക്രട്ടറി എ.എസ്.ആനുമോദ്,കൺവീനർമാരായ ഡി.രാജേന്ദ്രൻ നായർ,ആർ.ജെ.പ്രദീപ് കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL