തിരുവനന്തപുരം: മൃഗശാലയിൽ ഞായറാഴ്ച ചത്ത മ്ലാവ് വർഗ്ഗത്തിൽ പെടുന്ന മാനിന് (സാമ്പാർ ഡിയർ) പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച മൃഗശാലയിൽ വച്ചുനടത്തിയ പോസ്റ്റുമോർട്ടം പരിശോധനയ്ക്കു ശേഷം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ്,പാലോട് നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് മൃഗശാല ഡയറക്ടർ പി.എസ് മഞ്ജുളാദേവി വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ, മ്ലാവിനോട് അടുത്ത് ഇടപഴകിയ മുഴുവൻ ജീവനക്കാർക്കും പോസ്റ്റ് എക്സ്‌പോഷർ ആന്റി റാബീസ് വാക്സിൻ എടുക്കുന്നതിനും മറ്റ് ജീവനക്കാർക്ക് പ്രൊഫൈലാക്ടിക് വാക്സിൻ എടുക്കുന്നതിനും തീരുമാനിച്ചു. മ്ലാവിനെ പാർപ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവൻ മൃഗങ്ങൾക്കും അടിയന്തരമായി ആന്റി റാബീസ് വാക്സിൻ നൽകുന്നതിന് മൃഗശാല വെറ്ററിനറി സർജൻ ഡോ.നികേഷ് കിരണിന്റെ നേതൃത്വത്തിൽ ടീം രൂപീകരിച്ചു. കൂടാതെ മ്യുസിയം പരിധിയ്ക്കുള്ളിലുള്ള തെരുവ് നായകളെ പിടികൂടി മാറ്റി പാർപ്പിക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്‌ക്ക് കത്ത് നൽകാനും തീരുമാനിച്ചു. പേവിഷ ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെങ്കിലും കീരികൾ,മരപ്പട്ടികൾ തുടങ്ങിയവയിൽ നിന്നാകാം പേവിഷ ബാധയുണ്ടായതെന്നാണ് നിഗമനം.
മ്ലാവുകൾ ‘ഡെഡ് എന്റ് ഹോസ്റ്റ്’ ആയതിനാൽ മറ്റ് മൃഗങ്ങളിലേക്ക് റാബീസ് പകരുന്നതിനുള്ള സാദ്ധ്യത കുറവായതുകൊണ്ടും എല്ലാ മൃഗങ്ങൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുക്കാറുള്ളതുകൊണ്ടും നിലവിൽ മ്ലാവ് ഒഴികെയുള്ള മറ്റ് മൃഗങ്ങൾക്ക് കുത്തിവയ്പ്പ് വേണ്ടെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ.നികേഷ് കിരൺ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |