തിരുവനന്തപുരം: കൈവല്യദായിനിയായ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കാനെത്തിയവർക്ക് കുംഭച്ചൂടിൽ തിളയ്‌ക്കുന്ന നഗരപാതകളോ അടുപ്പിൽ നിന്നുള്ള ചൂടോ തടസമായില്ല. കലത്തിലേക്ക് അരിമണികൾ അർപ്പിക്കുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.പൊങ്കാലയ്ക്കൊപ്പം പ്രാർത്ഥനകളും ദേവിക്കു മുന്നിൽ സമർപ്പിച്ചു.
തലേന്ന് മഴ പെയ്തെങ്കിലും ഇന്നലെ മഴമേഘങ്ങൾ മാറിനിന്നു. ആറ്റുകാലമ്മയുടെ തിരുനടയിൽ പാട്ടുപുരയ്ക്കു മുന്നിൽ തയാറാക്കിയ അടുപ്പിലേക്ക് തീ പകർന്ന നിമിഷം. ചെണ്ടമേളവും വായ്‌ക്കുരവയും കതിനവെടിയും അകമ്പടിയേകി. തൊട്ടടുത്ത നിമിഷം അടുപ്പുകളിലേക്ക് തീ പകരാനുള്ള മൈക്ക് അനൗൺസ്‌മെന്റുമെത്തി. കൃഷ്ണപ്പരുന്ത് ക്ഷേത്രത്തിനു മുകളിൽ വട്ടമിട്ടുപറന്നു. ക്ഷേത്രപരിസരങ്ങളിലെ പൊങ്കാല അടുപ്പുകളിലേക്ക് പണ്ടാരഅടുപ്പിലെ തീ പകർന്നെടുത്താണ് നൽകിയത്. പണ്ടാര അടുപ്പിൽ നിന്ന് പകർന്നെടുക്കുന്ന തീ ആദ്യം നിരവധി പന്തങ്ങളിലേക്ക് പകർന്നു. അതിനുശേഷം ആ പന്തവും വഹിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങളിൽ വോളന്റിയർമാർ വിവിധ സ്ഥലങ്ങളിൽ പൊങ്കാലയിടുന്നവരുടെ അടുക്കലെത്തിച്ചു. ഓരോ വഴികളുടെ മുന്നിലും പന്തത്തിൽ നിന്ന് തീ പകരാനായി ആളുകൾ കാത്തുനിന്നിരുന്നു. ഇങ്ങനെ പകർന്നെടുത്ത തീ അടുപ്പുകളിൽ ജ്വലിപ്പിക്കാൻ കഴിയുന്നത് ഭാഗ്യമായാണ് ഭക്തർ കരുതുന്നത്. നഗരത്തിന്റെ മുക്കും മൂലയും പൊങ്കാലക്കലങ്ങളാൽ നിറഞ്ഞു. ഈഞ്ചയ്ക്കൽ മുതൽ ചാക്കവരെയുള്ള ദേശീയപാതയുടെ ഫ്ലൈഓവറിനടിയിൽ നാലുവരിയായി മങ്കമാർ പൊങ്കാലയിട്ടു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ പൊങ്കാലയ്ക്കെത്തിയെന്നാണ് നഗരക്കാഴ്ചകൾ വ്യക്തമാക്കുന്നത്. ഇത്തവണ കരമനയാറിനപ്പുറത്ത് തിരുവല്ലത്തും ഭക്തർ പൊങ്കാല അർപ്പിച്ചു. സാധാരണ ആറ്റിനക്കരെ പൊങ്കലയിടാറില്ല.സംഘടനകളും സ്ഥാപനങ്ങളും ഭക്ഷണങ്ങളും പാനീയങ്ങളും സുഭിക്ഷമായി വിളമ്പി. സഹായമൊരുക്കാൻ സമീപത്തെ പള്ളിക്കമ്മിറ്റിക്കാരും സജ്ജരായി.
12 തരം വിഭവങ്ങൾ
വെള്ളച്ചോറ്,ശർക്കരപ്പായസം,മണ്ടപ്പുറ്റ്,തെരളി,മോദകം,വത്സൻ,പന്തീരുനാഴി,പയർനിവേദ്യം,നെയ്പായസം,ഇടിച്ചുപിഴിഞ്ഞ പായസം,അരവണ,ഉണ്ണിയപ്പം എന്നിങ്ങനെ 12 തരം വിഭവങ്ങളാണ് ദേവിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടത്. നേർച്ചകളുടെ ഭാഗമായി 101, 51 കലങ്ങളിൽ ഭക്തർ പൊങ്കാലയിട്ടു.പൊങ്കാലനിവേദ്യം തയാറാക്കുന്ന സ്ഥലത്തു തന്നെ നിവേദിക്കണമെന്ന വിശ്വാസം പാലിക്കാൻ ഭൂരിഭാഗം ഭക്തരും ശ്രദ്ധിച്ചു. ക്ഷേത്രനടയിലെ പണ്ടാരയടുപ്പിൽ നിവേദിച്ച ശേഷമാണ് മറ്റ് കലങ്ങളിൽ നിവേദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |