
തിരുവനന്തപുരം: 24 വർഷം മുൻപ് ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കടാക്ഷിച്ച അദൃശ്യസാന്നിദ്ധ്യം.. കുടുംബത്തിൽ സർവൈശ്വര്യങ്ങളും തരുന്ന ആറ്റുകാൽ ഭഗവതി.. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിൽ 30 വർഷമായി പൊങ്കാലയിടാനെത്തുന്ന പത്തനംതിട്ട കലഞ്ഞൂർ സ്വദേശി തങ്കമണിയുടെ വിശ്വാസമിതാണ്. 62കാരിയായ തങ്കമണി ശാരീരികാവശതകൾ മറന്നാണ് പൊങ്കാലയ്ക്കെത്തുന്നത്. ശസ്ത്രക്രിയ പൂർത്തിയായ അതേ വർഷം തങ്കമണി ആറ്റുകാൽ അമ്മയോട് നന്ദി പറയാനെത്തി. പൊങ്കാലയിട്ട് മടങ്ങുമ്പോൾ ഇനിയും വരുമെന്ന് അമ്മയ്ക്ക് വാക്കുനൽകി. നാട്ടിലെത്തി തന്റെ കൂട്ടുകാരികളോട് അമ്മയുടെ അനുഭവസാക്ഷ്യങ്ങൾ തങ്കമണി വിവരിച്ചു. തങ്കമണിയുടെ കഥകൾ കേട്ട് അടുത്തവർഷം മുതൽ സുഹൃത്തുക്കളും എത്തിത്തുടങ്ങി. ആദ്യം ഒരാളെത്തി. വർഷംതോറും എത്തുന്നവരുടെ എണ്ണവും വർദ്ധിച്ചു. മുടക്കമില്ലാതെ എത്തുന്ന പത്തോളം പേരാണ് ഇക്കുറിയെത്തിയത്.കല്ലുകൾ കൂട്ടാനും ഓലയും കൊതുമ്പും ശേഖരിച്ച് അടുപ്പൊരുക്കാനും നേതൃത്വം നൽകുന്ന ടീം ക്യാപ്റ്റനും
തങ്കമണിയാണ്. പത്തനംതിട്ടയിലും കൊല്ലത്തുമുള്ള സർക്കാർ ഉദ്യോഗസ്ഥർ മുതൽ വീട്ടമ്മമാർ വരെ തങ്കമണിയുടെ ഒപ്പമുണ്ട്. മകൻ അനീഷ് കുമാറിന്റെ വിവാഹം നടന്നതും ജോലി ലഭിച്ചതും കുഞ്ഞു ജനിച്ചതും ആറ്റുകാലമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് തങ്കമണിയുടെ വിശ്വാസം. എല്ലാവർഷവും ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് മുന്നിലാണ് പൊങ്കാലയിടുന്നത്. തുളസീധരൻ ഉണ്ണിത്താനാണ് തങ്കമണിയുടെ ഭർത്താവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |