
വിതുര: വിതുര പഞ്ചായത്തിലെ തേവിയോട് മണിതൂക്കി വാർഡുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ കൂറ്റൻ ഒറ്റയാൻ ഇറങ്ങി മണിക്കൂറുകളോളം ഭീതിയും നാശവും പരത്തി. വനപാലകരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും, പാട്ട കൊട്ടിയും ആനയെ തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ സമയത്ത് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവർ ആനയുടെ മുന്നിൽ അകപ്പെട്ടെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു. മൂന്നാംനമ്പർ, ഗണപതിപാറ, മിടാലം, ചിറ്റാർ എട്ടേക്കർ, കുണ്ടയം മേഖലകളിലാണ് കഴിഞ്ഞ ദിവസം സന്ധ്യയോടേ ഒറ്റയാനെത്തിയത്. ഒടുവിൽ ആന പൊൻമുടി റോഡ് മുറിച്ചുകടന്ന് റബർഎസ്റ്റേറ്റിൽ കയറിയാണ് കാട്ടിനുള്ളിലേക്ക് പോയത്.
തീറ്റയും, വെള്ളവും തേടിയാണ് ആന നാട്ടിലേക്കിറങ്ങിയതെന്നാണ് വനപാലകർ പറയുന്നത്. ഒറ്റയാൻ പ്രദേശത്തെ കൃഷിമുഴുവൻ നശിപ്പിച്ചു. പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വിതച്ചതെന്ന് കർഷകർ പറയുന്നു. രാത്രികാലങ്ങളിൽ മണിതൂക്കി മരുതാമല, മക്കി, ജഴ്സിഫാം, അടിപറമ്പ് മേഖലയിൽ കാട്ടാനകളിറങ്ങി നാശവും ഭീതിയും പരത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്.
കാട്ടുപോത്തിന്റെയും പുലിയുടേയും ശല്യവുമുണ്ട്. നേരത്തേ മരുതാമല അടിപ്പറമ്പിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചിട്ടുണ്ട്. കാട്ടുമൃഗശല്യത്തിൽ കൃഷി നടത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. വന്യമൃഗശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് അനവധി തവണ മന്ത്രിക്കുൾപ്പെടെ നിവേദനം നൽകിയിരുന്നു. പ്രദേശത്ത് ആനക്കിടങ്ങും സോളാർഫെൻസിംഗും നിർമ്മിക്കുമെന്ന വാഗ്ദാനവും നടന്നിട്ടില്ല. സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |