ശംഖുംമുഖം: മയക്കുമരുന്ന് വില്പന നടത്തുന്ന നാലംഗസംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ഇവരിൽ നിന്ന് നാല് പായ്ക്കറ്റുകളാക്കിയ രണ്ടു ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. ബീമാപ്പള്ളി സ്വദേശികളായ ഹാഷിം(22),റയീസ്(30),അഫ്സൽ(20),നിജാസ്(23)എന്നിവരെയാണ് പൂന്തുറ പൊലീസിന് കൈമാറിയത്.
പൂന്തുറ പള്ളിത്തെരുവിൽ ലഹരി സംഘങ്ങളുടെ ശല്യം വർദ്ധിച്ചതോടെ റസിഡന്റ്സ് അസോസിയേഷനുകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഉറക്കമൊഴിച്ച് രാത്രികാല പരിശോധന നടത്തിയിരുന്നു. ഇതിനിടെ പ്രതികളിൽ രണ്ടുപേർ ഇവിടേക്ക് അസമയത്ത് ബൈക്കിലെത്തിയത് നാട്ടുകാരിൽ സംശയമുണ്ടാക്കി. തുടർന്ന് ഇവരെ പിടികൂടി വിവരം ചോദിച്ചപ്പോഴാണ് ഇവിടെ വീട് വാടകയ്ക്ക് എടുത്തിരിക്കുന്നതായി അറിയുന്നത്. ഈ വീട് കാണാനായി നാട്ടുകാർ ചെന്നപ്പോൾ കൂട്ടത്തിലെ രണ്ടുപേർ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടർന്ന് വീടുപരിശോധിച്ചപ്പോൾ എം.ഡി.എം.എയും ഇത് ഉപയോഗിക്കുന്നതിനുള്ള സാധനങ്ങളും കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൂന്തുറ പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |