പോത്തൻകോട്: എസ്.ഐയുടെ മകനെ പൊലീസുകാരൻ ഉൾപ്പെട്ട സംഘം ക്രൂരമായി വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് ആഴ്ചകൾ കഴിഞ്ഞിട്ടും പോത്തൻകോട് പാെലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. തുടർന്ന് മർദ്ദനമേറ്റ യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി.
സംഭവത്തിൽ പ്രതിയായ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ എസ്.ആർ.സുജിത്തിനെതിരെ (28) നടപടിയെടുക്കാത്തത് ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലിനെ തുടർന്നെന്നാണ് ആക്ഷേപം. ഇയാളുൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് പോത്തൻകോട് പൊലീസ് കേസെടുത്തിരിക്കുന്നത്.
വലിയതുറ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ഉറുബിന്റെ മകൻ മഞ്ഞമല മേഘമൽഹാറിൽ ഫെർണാസിനെയാണ് (20) ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് രാത്രി 10.30ന് മഞ്ഞമല തച്ചപ്പള്ളി എൽ.പി സ്കൂളിനു സമീപം വച്ച് മർദ്ദിച്ചത്. മർദ്ദനത്തിൽ ഫെർണാസിന്റെ മുൻവശത്തെ പല്ല് ഇളകിത്തെറിക്കുകയും തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പൊലീസ് ക്യാമ്പിൽ നിന്ന് ഡ്രൈവർ ഡ്യൂട്ടിയിൽ കഠിനംകുളം സ്റ്റേഷനിലെത്തിയ ആളായിരുന്നു സുജിത്ത്.സംഭവശേഷം സുജിത്തിനെ തിരികെ എ.ആർ ക്യാമ്പിലേക്ക് മാറ്റി ഉത്തരവിട്ടെങ്കിലും ഉന്നതർ ഇടപെട്ട് ഉത്തരവ് ക്യാൻസൽ ചെയ്തു. ഇയാൾ ഇപ്പോൾ മെഡിക്കൽ ലീവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |