
ഉള്ളൂർ: തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെ കാത്ത് ലാബുകളിൽ ഒരെണ്ണം പ്രവർത്തനരഹിതമായതോടെ ഹൃദ്രോഗികൾ ദുരിതത്തിൽ. ആശുപത്രിയിൽ ആകെ രണ്ട് കാത്ത് ലാബുകളാണുള്ളത്. അതിലൊരെണ്ണമാണ് പണിമുടക്കിയിരിക്കുന്നത്.
ആറുമാസത്തിലേറെയായി പ്രവർത്തനരഹിതമായിരിക്കുന്ന ഉപകരണം മാറ്റിസ്ഥാപിക്കാനോ പുതിയത് വാങ്ങാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
കാത്ത് ലാബ് പ്രവർത്തനം നിലച്ചതോടെ നിർദ്ധനരായ രോഗികൾ സ്വകാര്യാശുപത്രികളെ ആശ്രയിക്കാൻ കഴിയാതെ വലയുകയാണ്.യഥാസമയം പരിശോധന പൂർത്തിയാക്കിയില്ലെങ്കിൽ രോഗിയുടെ ജീവനുതന്നെ ഭീഷണിയാണ്.
അധികൃതരും സ്വകാര്യ ആശുപത്രി ലോബിയും തമ്മിലുള്ള അവിശുദ്ധ ബന്ധം കൊണ്ടാണ് കാത്ത് ലാബ് മാറ്റിസ്ഥാപിക്കാത്തതെന്നാണ് ആക്ഷേപം. മണിക്കൂറുകൾ കൊണ്ട് തീരുമാനമെടുക്കാവുന്ന വിഷയമാണ് ഇത്തരത്തിൽ ഒച്ചിഴയും വേഗത്തിൽ നീട്ടിക്കൊണ്ടുപോകുന്നത്. എത്രയും പെട്ടെന്ന് പഴയ കാത്ത് ലാബ് പ്രവർത്തനക്ഷമമാക്കുകയോ പുതിയത് സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് രോഗികളുടെ ആവശ്യം.
കാത്ത് ലാബ് പ്രവർത്തിക്കുന്നത് - കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ നിയന്ത്രണത്തിൽ
വലഞ്ഞ് രോഗികൾ
വിവിധ ജില്ലകളിൽ നിന്ന് പ്രതിദിനം നൂറുകണക്കിന് രോഗികളാണ് ഹൃദ്രോഗത്തിന് ചികിത്സ തേടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നത്. 25ഓളം ആൻജിയോപ്ലാസ്റ്റികളാണ് പ്രതിദിനം ചെയ്യുന്നത്.ഒരാളിന് കുറഞ്ഞത് ഒരുമണിക്കൂർ വേണം.ഒരു ഉപകരണം തകരാറിലായതോടെ പകുതിപേർക്ക് മാത്രമാണ് ദിനവും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്. ഒ.പി വിഭാഗത്തിലെ ഡോക്ടർമാരാണ് കാത്ത് ലാബിന്റെ പ്രവർത്തനവും നിയന്ത്രിക്കുന്നത്. അതിനാൽ കൂടുതൽ സമയം ആവശ്യമാണ്. ബാക്കിയുള്ള രോഗികൾക്ക് മറ്റൊരു ദിവസത്തെ ഡേറ്റ് നൽകി മടക്കി അയക്കുകയാണ് ചെയ്യുന്നത്.
അനുവാദം നൽകിയില്ല
രണ്ട് മാസം മുൻപ് പുതിയ കാത്ത് ലാബ് വാങ്ങുന്നതിന് അധികൃതർ തീരുമാനമായെങ്കിലും മറ്റു നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. കമ്പനി അധികൃതർ പുതിയത് സ്ഥാപിക്കുന്നതിന് തയ്യാറായി വിവരം അധികൃതരെ ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ പഴയ കാത്ത് ലാബിന്റെ ഉപകരണങ്ങൾ നീക്കം ചെയ്താൽ മാത്രമേ പുതിയ യന്ത്ര സാമഗ്രികൾ സ്ഥാപിക്കാൻ സാധിക്കൂ.എന്നാൽ അധികൃതർ അനുവാദം നൽകിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |