
കിളിമാനൂർ: പഞ്ചായത്തിന് ഒരു കളി സ്ഥലം പദ്ധതി സർക്കാർ നടപ്പിലാക്കുമ്പോൾ, ഉള്ള കളിസ്ഥലം പരിപാലിക്കാൻ കഴിയാതെ പാങ്ങോട്. കാലങ്ങളായി ഒരു നവീകരണവും ഇല്ലാതെ ഉപയോഗശൂന്യമായി കിടക്കുകയാണ് കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട് സ്റ്റേഡിയം. പല ഘട്ടങ്ങളിൽ നവീകരണത്തിന് ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനം വന്നെങ്കിലും പദ്ധതിയൊന്നും യാഥാർത്ഥ്യമായിട്ടില്ല.
ജില്ലാപഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ വശങ്ങളിൽ സംരക്ഷണഭിത്തി കെട്ടിയതാണ് ഒടുവിൽ നടന്ന നവീകരണം. ഇതിനൊപ്പം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗ്യാലറി,നടപ്പാത എന്നിവയെല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങി.
പോങ്ങനാട് ഗവ.യു.പി സ്കൂളിനെ ഹൈസ്കൂളായി ഉയർത്തിയപ്പോൾ കുട്ടികൾക്കുള്ള കളിസ്ഥലമായി ഈ സ്റ്റേഡിയമാണ് നിർദ്ദേശിക്കപ്പെട്ടിരുന്നത്.സ്കൂൾ പ്രവർത്തനമാരംഭിച്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും, പുതിയ കെട്ടിടമുൾപ്പടെയുള്ള സൗകര്യങ്ങൾ വന്നെങ്കിലും കളിസ്ഥലം മാത്രം നവീകരിക്കപ്പെട്ടില്ല. സ്കൂൾ കവാടം, കളിസ്ഥലം ഉൾപ്പടെ നിർമ്മിക്കാൻ ജില്ലാപ്പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. ഇതിൽ കുറച്ചു തുക ചെലവിട്ട് വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചു.നിർമ്മാണം പൂർത്തീകരിക്കാൻ തുക പര്യാപ്തമല്ലാത്തതിനാൽ ബാക്കി തുക സ്കൂളിൽ ടോയ്‌ലെറ്റടക്കം നിർമ്മിക്കുന്നതിനാണ് ചെലവിട്ടത്.സ്റ്റേഡിയം നവീകരിക്കാൻ നടപടിയെടുക്കണമെന്നാണ് പ്രദേശത്തെ കളിപ്രേമികളുടെ ആവശ്യം.
വെള്ളക്കെട്ടും ചെളിയും
വേനലിൽ ഉറച്ച് കിടക്കുന്ന സ്റ്റേഡിയം വേനൽമഴ പെയ്യുന്നതോടെ വെള്ളക്കെട്ടാവും.വേനലിലെ ഏതാനും മാസങ്ങൾ മാത്രമാണ് ഈ കളിക്കളം ഉപയോഗിക്കാൻ കഴിയുന്നത്. മഴ പെയ്യുന്ന സമയങ്ങളിലെല്ലാം വെള്ളക്കെട്ടും ചെളിയുമാണ്.
കുണ്ടും കുഴിയും
പഞ്ചായത്തിലെ വിവിധയിടങ്ങളിലെ നിർമ്മാണങ്ങൾക്കായി നീക്കം ചെയ്യുന്ന മണ്ണ് കൊണ്ടിട്ടാണ് പ്രതലം ഉയർത്തിയത്. ഇത് ശരിയായി നിരപ്പാക്കാത്തതിനാൽ കുണ്ടും കുഴികളുമാണ്. കൊണ്ടിട്ട മണ്ണ് കൂട്ടിയിട്ട നിലയിൽ വശങ്ങളിൽ പലയിടത്തായി കിടപ്പുണ്ട്.
കുളം സ്റ്റേഡിയമായി
പോങ്ങനാട് ജംഗ്ഷനോട് ചേർന്നുണ്ടായിരുന്ന വലിയ കുളം പായലും മാലിന്യങ്ങളും മൂടി ഉപയോഗശൂന്യമായിരുന്നു. ഇത് നികത്തി കളിസ്ഥലമുണ്ടാക്കാൻ 35 വർഷം മുൻപ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു. താഴ്ന്ന സ്ഥലമായതിനാൽ തുടക്കം മുതൽ വെള്ളക്കെട്ട് വെല്ലുവിളിയായിരുന്നു. ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനോ, സ്റ്റേഡിയമെന്ന നിലയിൽ മതിയായ സൗകര്യങ്ങളൊരുക്കി നവീകരിക്കാനോ നടപടിയുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |