തിരുവനന്തപുരം: മുട്ടത്തറ വികലാംഗ കോളനി നിവാസികളുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച തണൽ ഭവന പദ്ധതി സാങ്കേതിക കാരണത്താൽ നീളുന്നു. ഒരു വർഷമായി നിർമ്മാണ കരാർ ലഭിച്ചിട്ടും നഗരസഭ തലത്തിലുള്ള അനുമതി വൈകുന്നതാണ് പദ്ധതി നീളാൻ കാരണം. പദ്ധതിക്ക് ചിലർ തുരങ്കം വയ്ക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് കരാർ നൽകിയത്. ഇതനുസരിച്ച് നഗരസഭയിൽ ഇവർ വിശദമായ പദ്ധതി രേഖ സമർപ്പിച്ചു.
എന്നാൽ ആദ്യമുണ്ടായിരുന്ന തുകയിൽ നിന്ന് 20 കോടി കൂടുതലായാണ് പുതിയ പദ്ധതി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തുക സംബന്ധിച്ച ചർച്ചകളൊന്നും നഗരസഭയിൽ നടന്നില്ല. പദ്ധതി പരിശോധിച്ച് നടപടികളെടുക്കാൻ നഗരസഭ മരാമത്ത് വിഭാഗം വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം. ഇത് കഴിഞ്ഞ് സാങ്കേതിക അനുമതി ലഭിച്ചാൽ മാത്രമേ ജോലികൾ ആരംഭിക്കാൻ സാധിക്കൂ. ബംഗ്ലാദേശ് കോളനിയിലെ സമീപവാസികളുടെ എതിർപ്പും എയർപോർട്ട് അതോറിട്ടിഓഫ് ഇന്ത്യയുടെ (എ.എ.ഐ) ക്ലിയറൻസും കാരണവും പദ്ധതി വൈകിയിരുന്നു.
കഷ്ടപ്പെടുന്നത് 98 കുടുംബങ്ങൾ
2016ലാണ് വികലാംഗ കോളനി നിവാസികളുടെ പുനരധിവാസത്തിനുള്ള ഭവന നിർമ്മാണത്തിന് വേണ്ടി നഗരകാര്യവകുപ്പിന് ഭൂമി കൈമാറിയത്. തുടർന്ന് വർഷങ്ങളെടുത്താണ് അത് നഗരസഭയുടെ പേരിലേക്കാക്കിയത്.
98 കുടുംബങ്ങളാണ് വികലാംഗ കോളനിയിൽ താമസം. അവിടുത്തെ അങ്കണവാടി കെട്ടിടത്തിലുൾപ്പടെയാണ് അവിടെയുള്ളവർ വർഷങ്ങളായി താമസിക്കുന്നത്.
വീടുകൾ ഇങ്ങനെ
ഇരുനില വില്ലാ മാതൃകയിലാണ് ഭവന നിർമ്മാണം.
നാല് കുടുംബങ്ങൾക്ക് ഒരു ഭവന സമുച്ചയത്തിൽ താമസിക്കാം
25 സമുച്ചയങ്ങളാകും നിർമ്മിക്കുന്നത്.
അങ്കണവാടി,പാർക്ക്, കമ്മ്യൂണിറ്റി സെന്റർ എന്നിവയും നിർമ്മിക്കും
ഇന്ന് യോഗം ചേരും
പദ്ധതിയുടെ മെല്ലെപ്പോക്ക് ചർച്ച ചെയ്യാൻ ഇന്ന് നഗരസഭയിൽ യോഗം ചേരും. സെക്രട്ടറി,സൂപ്രണ്ടിംഗ് എൻജിനിയർ,വാർഡ് കൗൺസിലർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.
സാങ്കേതിക അനുമതി ലഭിക്കാനുണ്ട്.അത് വേഗത്തിലാക്കാൻ നിർദ്ദേശം നൽകും. ഷാജിത നാസർ,വാർഡ് കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |