SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

ശിശുക്ഷേമ സമിതിയിൽ രണ്ട് കുഞ്ഞുങ്ങൾക്കുകൂടി വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചു

തിരുവന‌ന്തപുരം: ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിശുക്ഷേമസമിതിയിലെ ആറ് കുഞ്ഞുങ്ങളിൽ രണ്ടുപേർക്ക് ഇന്നലെ വൈറൽ ന്യുമോണിയ സ്ഥിരീകരിച്ചു. പനിയെ തുടർന്നാണ് കുഞ്ഞുങ്ങളെ എസ്.എ.ടിയിൽ പ്രവേശിപ്പിച്ചത്.ആറുമാസം പ്രായമുള്ള കുഞ്ഞ് ന്യുമോണിയ ബാധിച്ച് മരിച്ചതിനു പിന്നാലെയാണ് 6 കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുഞ്ഞിന്റെ മരണമടക്കമുള്ള വിഷയത്തിൽ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി.കുമാർ കൺവീനറായ സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം ആരോഗ്യമന്ത്രിക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും ശിശുക്ഷേമസമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ശിശു പരിചരണത്തിലെ

വീഴ്ചകൾ തിരുത്തുന്നില്ല

പ്രസവിച്ച് ചുരുങ്ങിയ മണിക്കൂറുകളിലോ ദിവസങ്ങളിലോ, മുലപ്പാലോ അമ്മയുടെ പരിചരണമോ ലഭിക്കാതെ അമ്മത്തൊട്ടിലിൽ എത്തുന്ന കുഞ്ഞുങ്ങൾക്ക് പ്രതിരോധശേഷി വളരെ കുറവാണ്.ഈ കുഞ്ഞുങ്ങൾക്ക് വളരെ ശ്രദ്ധാപൂർവമായ പരിചരണം ആവശ്യമാണ്. എന്നാൽ ശിശുപരിചരണത്തിൽ മതിയായ പരിശീലനം ലഭിച്ചിട്ടുള്ളവരോ യോഗ്യതയുള്ളവരോ അല്ല ശിശുക്ഷേമ സമിതിയിലെ ആയമാർ. കുഞ്ഞുങ്ങളെ പരിചരിക്കുന്ന ആയമാർ നിത്യവും വീട്ടിൽ വന്നുപോകുന്നവരായതിനാൽ ഇവരിൽനിന്നും കുഞ്ഞുങ്ങളിലേക്ക് പനിയും അണുബാധയും പടർന്നേക്കാം.

അഞ്ച് വയസ് കഴിഞ്ഞാലേ

ഒരുമിച്ച് പാർപ്പിക്കാവൂ

അഞ്ച് വയസിന് ശേഷമേ കുഞ്ഞുങ്ങൾ ഒരുമിച്ച് കഴിയാൻ ആരോഗ്യപരമായ പ്രാപ്തി കൈവരിക്കൂ എന്നാണ് ശിശുരോഗ വിദഗ്ദ്ധർ പറയുന്നത്. ആ സാഹചര്യത്തിൽ നാലും അഞ്ചും കുഞ്ഞുങ്ങളെ ഒരുമിച്ച് പാർപ്പിക്കുന്നത് രോഗസാദ്ധ്യത വർദ്ധിപ്പിക്കും. ഒരു കുഞ്ഞിനുണ്ടാകുന്ന രോഗബാധ മറ്റ് കുഞ്ഞുങ്ങളിലേക്ക് അതിവേഗം പകരുന്നതിന് ഒരു പ്രധാന കാരണവും ഇതാണ്.

ബാലാവകാശ കമ്മിഷൻ

റിപ്പോർട്ട് തേടി

ശിശുക്ഷേമസമിതിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് ന്യുമോണിയ ബാധിച്ച് മരിച്ചതടക്കമുള്ള സംഭവങ്ങളെക്കുറിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷൻ ശിശുക്ഷേമ സമിതിയോട് റിപ്പോർട്ട് തേടി. കുഞ്ഞിന്റെ മരണത്തെ തുടർന്ന് കമ്മിഷൻ അംഗങ്ങൾ ശിശുക്ഷേമ സമിതിയുടെ പരിചരണകേന്ദ്രം സന്ദർശിച്ചിരുന്നു. ഇവരും കമ്മിഷന് റിപ്പോർട്ട് നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL