വെള്ളറട: മലയോരമേഖയിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുടെ കച്ചവടവും വ്യാപകമാകുന്നു. തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന ലസല അതിർത്തിയിലെ വെള്ളറട, ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കന്നുമാംമൂട് പ്രദേശങ്ങളിലാണ് സുലഭമായി കഞ്ചാവു ലഭിക്കുന്നത്.
അതിർത്തിയിലൂടെ പരിശോധനയില്ലാതെ എത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ചശേഷമാണ് ഇരുചക്രവാഹനങ്ങളിൽ കച്ചവടത്തിനെത്തിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘവും കളത്തിലുണ്ട്. വിദ്യാർത്ഥികളാണ് സംഘത്തിന്റെ ഇരകളിൽ ഏറെയും. സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ടുതന്നെ രഹസ്യമായി ആവശ്യമുള്ളവർക്ക് പൊതി രൂപത്തിലാക്കിയ കഞ്ചാവ് എത്തിക്കും. കോളനികൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വില്പന സംഘങ്ങളും പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. കച്ചവട സംഘത്തിന്റെ ഭീഷണിയെ പേടിച്ച് പുറത്തുപറയാൻപോലും കഴിയാത്ത അവസ്ഥയാണ്.
വെള്ളറട കേന്ദ്രീകരിച്ച് ആറുമാസത്തിൽ 22ഓളം കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് രജിസ്റ്രർ ചെയ്തിട്ടുള്ളത്.
വാഹനങ്ങളുടെ മരണപ്പാച്ചിൽ
കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിൽ പേടിച്ച് റോഡിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഗ്രാമവാസികൾക്ക്. ആറാട്ടുകുഴി, പനച്ചമൂടും കേന്ദ്രീകരിച്ചും വൻ കഞ്ചാവു വില്പന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കച്ചവടം വ്യാപകമായതോടെ മലയോരഗ്രാമങ്ങളിൽ നിന്നും എക്സൈസ് ഡിപ്പാർട്ട്മെന്റിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും കച്ചവടസംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ആത്മഹത്യ പ്രവണതയും
അടുത്തകാലത്ത് കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളിൽ ആത്മഹത്യ പ്രവണത കൂടിയിട്ടുണ്ട്. കഞ്ചാവിന് അടിമയാകുന്നവർ ഏറെയും യുവാക്കളായതിനാൽ ഇവർക്കാവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചില്ലെങ്കിൽ പ്രശ്നം രൂക്ഷമാകും. നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പനയും പനച്ചമൂട് കേന്ദ്രീകരിച്ച് വ്യാപകമാണ്.
അതിർത്തി കേന്ദ്രീകരിച്ച് എക്സൈസിന്റെ ചെക്ക് പോസ്റ്റില്ലാത്തതും പരിശോധനകൾ വ്യാപകമല്ലാത്തതുമാണ് ലഹരി വസ്തുക്കളുടെ വിൽപ്പന മലയോരമേഖലയിൽ വ്യാപകമാകാൻ കാരണം. എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ലഹരി കച്ചവടം തടയാനാകും.
കെ.ജി.മംഗളദാസ്
വെള്ളറട ഗ്രാമപഞ്ചായത്ത്
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |