ശംഖുംമുഖം: വേളി കടപ്പുറത്ത് വിരിഞ്ഞിറങ്ങി കടലാമക്കുഞ്ഞുങ്ങൾ. ഒലീവ് റെഡ്ലി ഇനത്തിൽപ്പെട്ട ആമക്കുഞ്ഞുങ്ങളാണ് ചൊവ്വാഴ്ച രാത്രിയോടെ വിരിഞ്ഞിറങ്ങാൻ തുടങ്ങിയത്. ഇവയെ സംരക്ഷിച്ച് ഒന്നിച്ച് കടലിൽ വിടാനുള്ള തീരുമാനത്തിലാണ് പരിസ്ഥിതി പ്രവർത്തകർ.
ദേശാടകരായ കടലാമകൾ പ്രജനനത്തിനായി ആയിരക്കണക്കിന് കിലോമീറ്ററുകളാണ് താണ്ടുന്നത്. അവ വിരിഞ്ഞിറിങ്ങിയ അതേ തീരത്തുതന്നെ മുട്ടയിടുന്നതാണ് പതിവ്. അത്തരത്തിൽ വേളി തീരത്ത് വിരിഞ്ഞിറങ്ങിയ പെൺ കടലാമയാണ് വേളി കടപ്പുറത്ത് 120യോളം മുട്ടകൾ ഇട്ട് മടങ്ങിയത്.
ഇതിൽ എത്രത്തോളം മുട്ടകൾ വിരിഞ്ഞ് ഇറങ്ങുമെന്ന കാത്തിരിപ്പിലാണ് പരിസ്ഥിതി പ്രവർത്തകർ. ഇത്തവണ താപനില ഉയരുകയും കടൽമണ്ണിന്റെ ചൂട് കൂടുകയും ചെയ്തതിനാലാണ് മുട്ടകൾ വേഗത്തിൽ വിരിഞ്ഞത്. സ്വാഭാവികമായി മുട്ടകൾ വിരിഞ്ഞുകഴിഞ്ഞാൽ നേരെ കടലിലേക്ക് ഇഴഞ്ഞുനീങ്ങുന്ന കടലാമക്കുഞ്ഞുങ്ങൾ ചക്രവാളം ലക്ഷ്യമാക്കി ആഴക്കടലിലേക്ക് യാത്രയാകും.ഈ യാത്രയ്ക്ക് ജുവനൈൽ ഫ്രെൻസി എന്നാണ് പറയുക. കരയിലും കടലിലും കാത്തിരിക്കുന്ന അസംഖ്യം ശത്രുക്കളുടെ കണ്ണുവെട്ടിച്ചുവേണം ആഴക്കടലിൽ എത്താൻ.അതുകൊണ്ട് അതിജീവനത്തിനുള്ള സാദ്ധ്യത ആയിരത്തിന് ഒന്നുമാത്രം. ഇത് കണക്കിലെടുത്ത് വിരിഞ്ഞ് ഇറങ്ങുന്ന മുഴുവൻ കുഞ്ഞുങ്ങളെയും സംരക്ഷിച്ച് ഒന്നിച്ച് കടലിലേക്ക് അയ്ക്കാനുള്ള തീരുമാനത്തിലാണ് പരിസ്ഥിതി പ്രവർത്തകർ.
45 ദിവസത്തെ കാത്തിരിപ്പ്
കടലാമ തീരത്ത് ഇട്ടുപ്പോയ മുട്ടകൾ കടൽമണ്ണിന്റെ ചൂടേറ്റ് 45 ദിവസങ്ങൾക്കു ശേഷമാണ് വിരിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |