SignIn
Kerala Kaumudi Online
Thursday, 22 October 2026 11.07 PM IST

പബ്ലിക്ക് ഓഫീസിലെ 'ഐ.എ.എസ് ചങ്ങാതിമാർ'

യുവത്വത്തിന്റെ പ്രസരിപ്പോടെ അനു എസ്.നായരും സബിൻ സമീദും

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പബ്ലിക്ക് ഓഫീസിലുള്ള ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ ചങ്ങാതിമാരാണ് അസിസ്റ്റന്റ് കമ്മിഷണർമാരായ അനു എസ്.നായരും സബിൻ സമീദും. ഒരേ ബാച്ചുകാരായ നല്ല സുഹൃത്തുക്കൾ. പ്രായത്തിൽ അനു മുതിർന്നതാണെങ്കിലും യുവത്വത്തിന്റെ പോസീറ്റീവ് വൈബ് രണ്ടുപേർക്കും ഒരുപോലെ. സർവീസിൽ 11-ാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഇരുവരെയും തേടി ഐ.എ.എസ് പദവിയെത്തുന്നത്. സർക്കാർ സർവീസിൽ യുവത്വത്തിന്റെ പ്രസരിപ്പോടെ പ്രവർത്തിക്കുന്ന ഇരുവരും ഐ.എ.എസുകാരാകുമ്പോൾ ജനോപകാരപ്രദമായ കാര്യങ്ങളിൽ കൂടുതൽ ഇടപെടൽ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഇവരുടെ ചുമതല നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങും. ഒരുവർഷത്തിനുള്ളിലാകും പരിശീലനം. എട്ടുവർഷം പൂർത്തിയായാൽ ഐ.എ.എസിന് പരിഗണിക്കാമെന്നതിനാൽ അർഹതപ്പെട്ട നേട്ടം യഥാസമയം ലഭിച്ചതിന്റെ സന്തോഷം ഇരുവർക്കുമുണ്ട്. 2014ലാണ് ഇവർ റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കളക്ടർമാരായെത്തുന്നത്. തിരുവനന്തപുരം കൈമനം സ്വദേശിയായ അനു.എസ്.നായർ 2011ൽ പഞ്ചായത്ത് സെക്രട്ടറിയായി. ആദ്യനിയമനം നിലമ്പൂർ ചാലിയാർ പഞ്ചായത്തിൽ. ഡെപ്യൂട്ടേഷനിൽ യുവജനക്ഷേമ ബോർഡിലും പ്രവർത്തിച്ചു. തുടർന്നാണ് റവന്യുവിൽ ‌ഡെപ്യൂട്ടി കളക്ടർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. പത്തനംതിട്ട എ.ഡി.എമ്മായും ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ തസ്തികകളിൽ പ്രവർത്തിച്ച ശേഷവുമാണ് നിലവിൽ അസി.കമ്മീഷണർ എൽ.എ ആയത്. ഭാര്യ ‌ഡോ.അനശ്വര ആലപ്പുഴ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസി.പ്രൊഫസറാണ്.മകൻ നാലാംക്ലാസുകാരൻ മാനവ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സബിൻ റിലയൻസിലുൾപ്പെടെ ജോലി ചെയ്ത ശേഷമാണ് സർവീസിലെത്തിയത്. കാസർകോടും പത്തനംതിട്ടയും ഡെപ്യൂട്ടി കളക്ടറായും ദേവികുളത്തും തിരുവനന്തപുരത്തും ആർ.ഡി.ഒയായും പ്രവർത്തിച്ചു. ലാൻഡ് റവന്യു,റവന്യൂ റിക്കവറി വിഭാഗങ്ങളിൽ അസി.കമ്മിഷണറായും പ്രവർത്തിച്ച ശേഷമാണ് നിലവിൽ കമ്മിഷണറേറ്റിൽ ദുരന്തനിവാരണ വിഭാഗത്തിന്റെ ചുമതലയുള്ള അസി.കമ്മിഷണറായത്. ഭാര്യ രഹ്ന എൻജിനിയറാണ്. മകൻ സിയാൻ ആറാം ക്ലാസ് വിദ്യാർത്ഥി. അനു എസ്.നായർക്ക് 2041വരെയും സബിൻ സമീദിന് 2044വരെയും സർവീസുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL