
മുടപുരം: വാഹനയാത്രയ്ക്ക് ദീർഘനേരം തടസം സൃഷ്ടിക്കുന്ന പെരുങ്ങുഴിയിലെ റെയിൽവേ ഗേറ്റ് ഒഴിവാക്കാനായി റെയിൽവേയുടെ അടിപ്പാത നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. അഴൂർ പഞ്ചായത്തിന്റെ കേന്ദ്രമായ പെരുങ്ങുഴി മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് പെരുങ്ങുഴി പൊതുമരാമത്ത് കടവിൽ പോകുന്ന റോഡിൽ പെരുങ്ങുഴി റെയിൽവേ സ്റ്റേഷന് സമീപമാണ് റെയിൽവേ ഗേറ്റ്. ഈ റെയിൽവേ ഗേറ്റിൽ സിഗ്നൽ സിസ്റ്റം ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതാണ്. വിവിധ സ്ഥലങ്ങളിൽ പോകേണ്ടവർ ഗേറ്റിന് ഇരുവശത്തുമായി വാഹനങ്ങളിൽ ഏറെ നേരം കാത്തുകിടക്കേണ്ട അവസ്ഥയാണ്. പെരുങ്ങുഴിയിൽ നിന്ന് ഈ റെയിൽവ ഗേറ്റ് കഴിഞ്ഞാൽ പെരുങ്ങുഴി കടവ്, നേരുകടവ്, ചല്ലിമുക്ക്, കുഴിയം, ഇടഞ്ഞുംമൂല, അഴൂർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകാൻ നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന റോഡാണിത്.
ഒരു ദിവസം കുറഞ്ഞത് 80 ട്രെയിനുകൾ കടന്നുപോകുന്നുണ്ട്. അതിനാൽ ചുരുങ്ങിയത് 50 തവണയെങ്കിലും ദിവസം ഗേറ്റ് അടച്ചിടേണ്ടി വരും.ചിലപ്പോൾ രണ്ടും മൂന്നും ട്രെയിനുകൾ കടന്നുപോകുന്നതിന് വേണ്ടിയും അടച്ചിടേണ്ടതായും വരും.ആ സമയം വാഹനം കടന്നുപോകുന്നതിനായി ദീർഘനേരം ഗേറ്റിന് മുന്നിൽ കാത്തുകിടക്കേണ്ട അവസ്ഥയുമുണ്ട്.
ഗേറ്റടയ്ക്കൽ സമയം കവരുന്നു
ധാരാളം കയർ, മത്സ്യത്തൊഴിലാളികളും മറ്റ് തൊഴിലെടുക്കുന്നവർക്കും വിദ്യാർത്ഥികൾക്കും തൊണ്ടും ചകിരിയും കയറ്റിയ ലോറികൾക്കും ഈ ഗേറ്റ് വഴിയാണ് സഞ്ചരിക്കേണ്ടത്. ഗേറ്റടപ്പ് യാത്രക്കാരുടെ ദീർഘ സമയം കവർന്നെടുക്കുകയാണ്. രണ്ട് റെയിൽവേ ലൈനും ഗേറ്റും പ്രദേശങ്ങളെ രണ്ടായി വേർതിരിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടു. പെരുങ്ങുഴിയിലെ റെയിൽവേ ഗേറ്റെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കണമെന്നും അതിന് ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം അഴൂർ പഞ്ചായത്ത് കമ്മിറ്റി പാസാക്കി അധികൃതർക്ക് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |