SignIn
Kerala Kaumudi Online
Friday, 23 October 2026 7.29 PM IST

പൊലീസിനെപ്പോലും ആക്രമിക്കുന്നു നിരീക്ഷണം കുറഞ്ഞു, പിന്നെയും തലപൊക്കി ഗുണ്ടകൾ

തിരുവനന്തപുരം: വി.ഐ.പി സെക്യൂരിറ്റി,നിയമസഭ സമയത്തെ ജോലികൾ,ഉത്സവത്തിരക്ക് ഇതിനിടയിൽ നിരീക്ഷണവും പരിശോധനയും കുറഞ്ഞതോടെ അടങ്ങിയിരിക്കുന്ന ഗുണ്ടാസംഘങ്ങൾ വീണ്ടും തലപൊക്കുന്നു.കുപ്രസിദ്ധ ഗുണ്ടകളുടെയും കൊടുംകുറ്റവാളികളുടെയും നീക്കങ്ങൾ അന്വേഷിക്കുന്നതിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം വീണ്ടും വീഴ്ച വരുത്തുന്നുവെന്നാണ് ആക്ഷേപം.പല ഗുണ്ടകളും നാട്ടിലെത്തുന്നത് രഹസ്യാന്വേഷണ വിഭാഗം അറിയുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഗുണ്ടാസംഘങ്ങളുടെ താവളമായ പൂജപ്പുര,മണക്കാട്,കരമന,പാപ്പനംകോട് എന്നിവിടങ്ങളിലെ ഗുണ്ടകളുടെ ഒത്തുചേരൽ പോലും മനസിലാക്കാൻ പൊലീസിന് കഴിയുന്നില്ല.കരമനയിൽ കുറച്ചുനാളുകൾക്ക് മുൻപ് സ്ഥിര താവളത്തിൽ മദ്യ,ലഹരി പാർട്ടിയെ സംബന്ധിച്ച് അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ ഗുണ്ടാ ആക്രമണമുണ്ടായി. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല.പലപ്പോഴും ഇവർ ഇവിടെയെത്തി ഒത്തുചേരുന്നുണ്ട്.എന്നാൽ പലരും ജീവൻ ഭയന്ന് പൊലീസിൽ പരാതിപ്പെടുന്നില്ല.കൊടുംകുറ്റവാളികളും,കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയവരുമാണ് പ്രതികൾ.

ജോലി ഭാരവും സമ്മർദ്ദവും

ജോലിഭാരം,സമ്മർദ്ദം,​അംഗബലം കുറവ് എന്നിവ പൊലീസ് സ്റ്റേഷനുകളെ വല്ലാതെ ബാധിക്കുന്നുണ്ട്.ഇതോടെ

കാപ്പ ചുമത്തി നാടുകടത്തിയ ശേഷം തിരിച്ചെത്തിയവർ, കാപ്പ ചുമത്താൻ തീരുമാനിച്ചിട്ടും മുങ്ങി നടക്കുന്നവർ, പിടികിട്ടാപ്പുള്ളികൾ, വാറണ്ട് പ്രതികൾ, ലഹരി വില്പനക്കാർ തുടങ്ങിയവരുടെ നിരീക്ഷണം,​ പിടികൂടൽ എന്നിവ പൊലീസിന് ദുഷ്കരമായി. പല സ്റ്റേഷനുകളിലെ അംഗബലം കുറവായതിനാൽ അവർക്ക് അന്വേഷണം ശക്തമാക്കാനും സാധിക്കുന്നില്ല. കരുതൽത്തടങ്കൽ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകമായി നിരീക്ഷിക്കണമെന്ന നിർദ്ദേശമുണ്ടെങ്കിലും അത് പ്രാവർത്തികമാകുന്നില്ല.ഗുണ്ടകളുടെ യാത്ര, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കാനും നടപടിയില്ല.

ലഹരിക്കടത്തിന് നേതൃത്വം നൽകുന്നത് ഗുണ്ടാസംഘം

നഗരത്തിലെ ഗുണ്ടാസംഘങ്ങളാണ് ലഹരിക്കടത്തിനും നേതൃത്വം നൽകുന്നത്. ജയിലിലായിരുന്ന നിരവധി ക്രിമിനൽ കേസിലെ പ്രതികൾ പോലും ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി കടത്തുന്നു. ഇവരെ നിരീക്ഷിക്കാനുള്ള ഫലപ്രദമായ സംവിധാനം പൊലീസിനില്ലെന്നാണ് ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL