SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

45കാരനെ മർദ്ദിച്ചശേഷം വളർത്തുനായയെക്കൊണ്ട് കടിപ്പിച്ചു

dog-attack

വർക്കല: ഇലകമൺ പഞ്ചായത്തിലെ തോണിപ്പാറയിൽ 45കാരനെ ക്രൂരമായി മർദ്ദിക്കുകയും ആക്രമണകാരിയായ വളർത്തുനായയെ വിട്ട് കടിപ്പിച്ചതായും പരാതി. സംഭവത്തിൽ പരിക്കേറ്റ തോണിപ്പാറ പുത്തൻവീട്ടിൽ രഞ്ജിത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ മേയ് 4ന് വൈകിട്ട് തന്റെ വീടിന് സമീപത്തെ മൂർത്തി ക്ഷേത്രത്തിൽ ഉത്സവത്തിന് പോവുകയായിരുന്ന രഞ്ജിത്ത് സമീപവാസിയായ സനലി(38)ന്റെ വീടിന് സമീപത്ത് വച്ച് റോഡിലെ കല്ലിൽ തട്ടി വീഴുകയും ഇയാളുമായി മുൻവൈരാഗ്യമുള്ള സനൽ രഞ്ജിത്തിനെ ആക്രമിക്കുകയുമായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു.വീടിന്റെ അടുക്കള ഭാഗത്തേയ്ക്ക് രഞ്ജിത്തിനെ വലിച്ചിഴച്ചു കൊണ്ടുപോവുകയും മരവടി ഉപയോഗിച്ച് മർദ്ദിക്കുകയും നിലത്തുവീണപ്പോൾ അടിവയറ്റിൽ ചവിട്ടിയതായും മുന്തിയയിനം വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച തന്നെ സനൽ വാളുപയോഗിച്ച് വെട്ടുകയും പ്രതിരോധിച്ചപ്പോൾ വലത് കൈപ്പത്തിക്ക് പരിക്കേൽക്കുകയും ചെയ്‍തതായാണ് രഞ്ജിത്തിന്റെ മൊഴി.മർദ്ദിക്കുന്നതിന്റെ ശബ്ദവും നായയുടെ കുരയും കേട്ടെങ്കിലും രഞ്ജിത്ത് ആക്രമണത്തിനിരയാകുന്നത് അറിഞ്ഞിരുന്നില്ലെന്ന് സമീപവാസികൾ പറയുന്നു.ദേഹമാസകലം രക്തംപുരണ്ട രഞ്ജിത്തിനെ ഗേറ്റിന് പുറത്തേക്ക് തള്ളിയപ്പോഴാണ് നാട്ടുകാർ സംഭവമറിഞ്ഞത്. പ്രതിയെ നിരന്തരമായി വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്താണെന്നുള്ള തെറ്റിദ്ധാരണയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ സനൽ പ്രതിയാണ്. സംഭവദിവസം പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. രാത്രിയോടെ ഭാര്യയെയും കൂട്ടി അയിരൂർ പൊലീസ് സ്റ്റേഷനിലെത്തിയ സനൽ രഞ്ജിത്ത് മർദ്ദിച്ചതായി പരാതി നൽകി മടങ്ങി. ശേഷം ഒളിവിൽ പോവുകയായിരുന്നു. പ്രദേശത്ത് അടിപിടി നടന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നുള്ള പൊലീസ് അന്വേഷണത്തിലാണ് മർദ്ദനത്തിൽ പരിക്കേറ്റ് രഞ്ജിത്ത് ചികിത്സയിലാണെന്നുള്ള വിവരം ലഭിച്ചത്. രഞ്ജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം ഊർജ്ജിതമാക്കിയതായി വർക്കല ഡിവൈ.എസ്.പി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL