SignIn
Kerala Kaumudi Online
Friday, 23 October 2026 11.34 PM IST

സിവിൽ ഡിഫൻസ് മോക് ഡ്രിൽ; നഗരം ജാഗ്രത പാലിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ ഡിഫൻസ് മോക് ഡ്രില്ലുകൾ നടന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് ഉൾപ്പെടെ വിവിധയിടങ്ങളിലായി സജ്ജീകരിച്ച സൈറണുകളിൽ നിന്ന് വൈകിട്ട് നാല് മണിക്ക് അപകട അലാറം മുഴങ്ങി. മോക് ഡ്രില്ലിൽ അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്നും രക്ഷാപ്രവർത്തനങ്ങൾ എങ്ങനെ നടത്താം എന്നുമുള്ള പരിശീലനം നൽകി. അഗ്നിരക്ഷാ സേന,പൊലീസ്,ആരോഗ്യ പ്രവർത്തകർ തുടങ്ങിയ വിവിധ വകുപ്പുകൾ മോക്ഡ്രില്ലിൽ പങ്കെടുത്തു. മോക് ഡ്രില്ലിന്റെ ഭാഗമായി, അപകട സൈറൺ മുഴങ്ങിയതിനെ തുടർന്ന് അടിയന്തര ഘട്ടത്തിൽ പാലിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ചുള്ള ക്രമീകരണങ്ങളുടെ തത്സമയ പ്രകടനവും സംഘടിപ്പിച്ചു. രണ്ട് ഘട്ടമായാണ് അപകട സൈറണുകൾ മുഴങ്ങിയത്. നാല് മണിക്ക് അപകടാവസ്ഥയെ സൂചിപ്പിച്ചുള്ള ദീർഘ സൈറണും 4.28ന് ഹ്രസ്വ സൈറണുമാണ് മുഴങ്ങിയത്.

ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രധാനപ്പെട്ട പത്തിടങ്ങളിൽ അപകട സൈറൺ മുഴങ്ങി. ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വിവിധയിടങ്ങളിൽ മോക് ഡ്രില്ലും നടന്നു. തിരുവന്തപുരം ലുലു മാളിൽ ചാക്ക ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു മോക് ഡ്രിൽ.തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസായ വികാസ് ഭവനിൽ അസിസ്റ്റന്റ് കമ്മിഷണർ സ്റ്റുവർട്ട് കീലർ,കളക്ടർ അനുകുമാരി എന്നിവരുടെ സാന്നിധ്യത്തിലാണ മോക് ഡ്രിൽ നടന്നത്.സെക്രട്ടറിയേറ്റ്,വിഴിഞ്ഞം തുറമുഖം,കെ.എസ്.ആർ.ടി. ഡിപ്പോ എന്നിവിടങ്ങളിലും മോക് ഡ്രില്ലുകൾ നടന്നു.മോക് ഡ്രില്ലിന്റെ സമയത്ത് വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അകത്തെയും,പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്തു. അഗ്നിരക്ഷാസേന പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും പ്രഥമശുശ്രൂഷയും സംഘടിപ്പിച്ചു.

തിരുവനന്തപുരത്ത് നിയമസഭ,സെക്രട്ടേറിയറ്റ്,വികാസ് ഭവൻ,റെയിൽവേ സ്റ്റേഷൻ,കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്,ഐ.എസ്.ആർ.ഒ, ലുലു മാൾ,ടെക്‌നോപാർക്ക്,മെഡിക്കൽ കോളേജ്, എന്നിവിടങ്ങളിലാണ് മോക് ഡ്രില്ലുകൾ നടന്നത്.അപകടം അലാറാം മുഴങ്ങിയാൽ ഉടൻ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം,സാധാരണക്കാർക്ക് ഉടൻ സഹായം നൽകേണ്ടതിന്റെ പ്രാധാന്യം, അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യം,അധികാരികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയാണ് ഉദ്യോഗസ്ഥർ മോക് ഡ്രില്ലിലൂടെ ചൂണ്ടിക്കാട്ടിയത്. പൊതുജനങ്ങൾ എയർ റെയ്ഡ് സൈറൺ കേട്ടാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും മോക് ഡ്രില്ലിൽ പങ്കാളികളായ വോളന്റിയമാരായ എൻ.സി.സി കേഡറ്റുകൾ ബോധവത്കരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL