വിതുര: വിതുര പഞ്ചായത്തിലെ പേപ്പാറ മേഖലയിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. പ്രദേശത്തെ വിജനമായ മേഖലകളിൽ തമ്പടിച്ച് മദ്യസേവയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്തുകയാണ്. വനമേഖലകൾ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ഭക്ഷണം കഴിച്ചശേഷം മാലിന്യങ്ങൾ വ്യാപകമായി നിക്ഷേപിക്കുകയും മദ്യകുപ്പികൾ വലിച്ചെറിയുന്നുമുണ്ട്.
പേപ്പാറ ഡാം സന്ദർശിക്കാൻ ധാരാളം ആളുകളെത്തുന്നുണ്ട്. ടൂറിസ്റ്റുകളെയും സാമൂഹ്യവിരുദ്ധർ ശല്യപ്പെടുത്തിയ സംഭവവുമുണ്ടായി. പട്ടൻകുളിച്ചപാറ ജംഗ്ഷൻ കഴിഞ്ഞാൽ വനത്തിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കാട് കൈയേറി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയന്നിട്ടുണ്ട്. വിതുര ബിവറേജിൽ നിന്നും മദ്യം വാങ്ങി സംഘങ്ങൾ പേപ്പാറയ്ക്കാണ് പുറപ്പെടുന്നത്. മദ്യപസംഘങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതികൾ പരിഗണിച്ചിട്ടില്ല. പൊലീസിന്റെ സത്വരശ്രദ്ധ പേപ്പാറമേഖലയിൽ പതിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തേ പേപ്പാറയിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നെങ്കിലും സ്റ്റേഷൻ പൊൻമുടിയിലേക്ക് മാറ്റി.
കാട്ടുപന്നികളെത്തുന്നു
സാമൂഹ്യവിരുദ്ധർ ഭക്ഷണം കഴിച്ചശേഷം വലിച്ചെറിയുന്ന മാലിന്യം കഴിക്കുവാൻ കാട്ടുപന്നികൾ കൂട്ടത്തോടെ മേഖലയിൽ എത്തുന്നുണ്ട്. പന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവവുമുണ്ടായി. കാട്ടുമൃഗശല്യം ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്കും ഭീഷണിയാണ്. കാട്ടാനയും കാട്ടുപോത്തും പേപ്പാറമേഖലയിൽ ഇറങ്ങി നാശവും ഭീതിയും പരത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |