കിളിമാനൂർ: വരുമാനത്തിനപ്പുറം കാലികളുടെ പരിപാലനച്ചെലവ് കുത്തനെ കൂടിയതോടെ ക്ഷീര കർഷകർ ദുരിതത്തിൽ.കാലിത്തീറ്റ, മരുന്ന്, പച്ചപ്പുൽ എന്നിവയുടെ വില വൻതോതിലാണ് വർദ്ധിച്ചത്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 65 രൂപയോളമാണ് ചെലവ്. കർഷകർക്ക് ലഭിക്കുന്നതാകട്ടെ 40 രൂപ മാത്രം. 70 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാനാകൂവെന്ന് കർഷകർ പറയുന്നു.രണ്ടോ മൂന്നോ പശുക്കളുള്ളവരാണ് കർഷകരിലേറെയും. മറ്റു വരുമാനമില്ലാത്തവരാണ് കൂടുതൽ പ്രതിസന്ധിയിലായത്.ഇതോടെ പശു വളർത്തൽ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് ഭൂരിഭാഗം പേരും.
കടലാസിലൊതുങ്ങി
ക്ഷീരകർഷകർക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ പലപ്പോഴും കടലാസിലൊതുങ്ങുകയാണ്.ക്ഷീരകർഷകർക്കായി സർക്കാർ വിവിധ സബ്‌സിഡികളും ആനുകൂല്യങ്ങളും വർഷം തോറും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും ലഭിക്കാറില്ല.
മരുന്നുമില്ല
മൃഗാശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ലാത്തതും കർഷകരെ ദുരിതത്തിലാക്കുന്നു. ഇവർ സ്വകാര്യ മെഡിക്കൽ ഷോപ്പിനെ ആശ്രയിക്കുകയാണ്. പല ആശുപത്രികളിലും ആവശ്യത്തിന് ജീവനക്കാരുമില്ല. നിലവിൽ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് അത്യുത്പാദനശേഷിയുള്ള കന്നുകാലികളെ കൊണ്ടുവരുന്നത്. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയാണ് ചെലവ്. എന്നാൽ തുടർചികിത്സയും സൗകര്യങ്ങളും ലഭിക്കാത്തതിനാൽ പരിപാലിക്കാൻ ബുദ്ധിമുട്ടേറെയാണ്. പ്രതിമാസം മരുന്നിന് 5000 - 1000 വരെയാണ് ചെലവ്.
പ്രതിസന്ധികൾ നിരവധി
കാലിത്തീറ്റ വിലയിലെ വർദ്ധന
തൊഴിലാളികളുടെ കൂലി വർദ്ധന
പുൽകൃഷി ചെലവിലെ വർദ്ധന
കാലാവസ്ഥ മൂലമുള്ള പ്രശ്‌നങ്ങൾ
അടിക്കടിയുണ്ടാകുന്ന രോഗബാധ
വർഷങ്ങളായി ക്ഷീരകർഷകർ നഷ്ടത്തിലാണ്, ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല. തീറ്റ,തീറ്റപ്പുൽ,വയ്ക്കോൽ എന്നിവക്കെല്ലാം അനുദിനം വില വർദ്ധിക്കുകയാണ്.
രാജേഷ്,ക്ഷീര കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |