SignIn
Kerala Kaumudi Online
Monday, 21 September 2026 10.27 PM IST

വിതുര-നെടുമങ്ങാട് റൂട്ടിൽ യാത്രാദുരിതം

വിതുര: വിതുര, നെടുമങ്ങാട് റൂട്ടിൽ വീണ്ടും യാത്രാദുരിതം വർദ്ധിക്കുന്നതായി പരാതി. അശാസ്ത്രീയപരമായ ഓപ്പറേറ്റിംഗ് രീതിയും ബസുകളുടെ അഭാവവുമാണ് യാത്രാക്ലേശം ഇരട്ടിക്കാൻ കാരണമായി പറയുന്നത്. യാത്രാപ്രശ്നം ചൂണ്ടിക്കാട്ടി യാത്രക്കാർ കെ.എസ്.ആർ.ടി.സിക്ക് നിരവധി പരാതികൾ നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. രാവിലെയും, വൈകിട്ടും ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

കൊവിഡിന്റെ മറവിൽ നിറുത്തലാക്കിയ സർവീസുകളിൽ മിക്കതും ഇനിയും പുനരാരംഭിച്ചിട്ടില്ല. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് കൂടുതൽ ബസുകൾ വിതുര, കല്ലാർ, പേപ്പാറ, പൊൻമുടി, ബോണക്കാട്, പാലോട്, ആര്യനാട് റൂട്ടുകളിൽ അയയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. കൊവിഡു കാലത്ത് വിതുര, ആര്യനാട്, നെടുമങ്ങാട്, പാലോട് ഡിപ്പോകളിൽ നിന്നും നിറുത്തലാക്കിയ ബസുകൾ പുനരാരംഭിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നിലവിൽ ഡിപ്പോകളിൽ കളക്ഷനിൽ വൻ വർദ്ധനയുണ്ടായിട്ടും യാത്രക്കാരെ നട്ടംതിരിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.

തിരക്കേറുമ്പോൾ അപകടവും

നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വൈകിട്ട് വിതുരയിലേക്കുള്ള ബസുകളിൽ കയറണമെങ്കിൽ മണിക്കൂറുകളോളം കാത്തുനിൽക്കണം.തിരക്കുള്ള സമയങ്ങളിൽ വേണ്ടത്ര ബസില്ലാത്തതിനാൽ വിദ്യാർത്ഥികളും വലയുകയാണ്. നേരത്തേ നെടുമങ്ങാ‌ട് ഡിപ്പോയിൽ നിന്ന് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസിന്റെ ഡോർ ചുള്ളിമാനൂരിനു സമീപത്തുവച്ച് തുറന്ന് യാത്രക്കാരൻ റോഡിൽ വീണ് മരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ഡിപ്പോകളിൽനിന്നും നിറയെ യാത്രക്കാരുമായി പുറപ്പെടുന്ന ബസുകളിൽ വഴിമദ്ധ്യേയുള്ളവരെ കയറ്റുവാൻ കഴിയാത്ത സ്ഥിതിയാണ്.

അടുത്തടുത്ത് നാല് ഡിപ്പോകൾ

നെടുമങ്ങാട്, ആര്യനാട്, വിതുര, പാലോട് ഡിപ്പോകൾ അടുത്തടുത്തായി പ്രവർത്തിച്ചിട്ടും യാത്രാദുരിതത്തിന് അറുതിയാകുന്നില്ല. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വിതുരയിലേക്ക് വേണ്ടത്ര ബസുകൾ അയയ്ക്കാത്തതാണ് യാത്രാക്ലേശത്തിന് കാരണം. നേരത്തെ ധാരാളം സർവീസുകളുണ്ടായിരുന്നെങ്കിലും നിറുത്തലാക്കി.

ചെയിൻ സർവീസ് ആരംഭിക്കണം

നേരത്തെ നെടുമങ്ങാട്, വിതുര ഡിപ്പോകളിൽ നിന്ന് വിതുരയിലേക്ക് അരമണിക്കൂർ ഇടവിട്ട് ചെയിൻ സർവീസ് നടത്തിയിരുന്നു. മികച്ച കളക്ഷനുമായി ഓടിയിരുന്ന സർവീസ് മാസങ്ങൾ പിന്നിട്ടപ്പോൾ മുന്നറിയിപ്പില്ലാതെ നിറുത്തലാക്കുകയായിരുന്നു. ചെയിൻ സർവീസ് ആരംഭിച്ചപ്പോൾ വിതുര നെടുമങ്ങാട് റൂട്ടിൽ യാത്രക്കാർക്ക് അനുഗ്രഹമായിരുന്ന സമാന്തര സർവീസുകളും ഇപ്പോൾ നാമമാത്രമായാണ് ഓടുന്നത്. യാത്രാദുരിതത്തിന് പരിഹാരംകാണാൻ നെടുമങ്ങാട് വിതുര ചെയിൻ സർവീസ് പുനരാരംഭിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL