SignIn
Kerala Kaumudi Online
Monday, 21 September 2026 9.42 AM IST

ഗ്രാമീണ മേഖലകൾ ലഹരി മാഫിയ കൈയേറുന്നു

പാലോട്: പൊലീസ് എക്സൈസ് ഇടപെടലിൽ ഉൾവലിഞ്ഞിരുന്ന ലഹരിമാഫിയ നന്ദിയോട്,പാങ്ങോട്,പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി കേന്ദ്രങ്ങളിലുൾപ്പെടെ വീണ്ടും സജീവമാകുന്നു.

അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കുന്നത് വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലായതിനാൽ സന്ധ്യമയങ്ങിയാൽ വഴിയാത്രക്കാർ ഈ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നത് ഭീതിയോടെയാണ്. ചാരായവാറ്റ് വനമേഖലയുടെ മുക്കിനും മൂലയിലും യഥേഷ്ടം നടക്കുന്നുണ്ട്. ആദിവാസി ഗ്രാമീണ മേഖലയുടെ വികസനത്തിനും പുതുതലമുറയുടെ വിദ്യാഭ്യാസത്തിനും വേണ്ടി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നിരവധി ക്ഷേമപദ്ധതികൾ നടപ്പിലാക്കുമ്പോഴും ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായി ജീവിതം അവസാനിപ്പിക്കുന്ന യുവതീയുവാക്കളുടെ എണ്ണം ആശങ്കാജനകമായി പെരുകുന്ന അവസ്ഥയാണ്. നിരവധി ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നുവെങ്കിലും ലഹരി മാഫിയയെ അമർച്ചചെയ്യാൻ നാളിതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

പലതരം ചൂഷണങ്ങൾക്ക് ഇരകളായി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത പെൺകുട്ടികളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെട്ട് മരണംവരിച്ച യുവാക്കളുടെ എണ്ണവും കുറവല്ല. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളാണ് ഇവരിലധികവും. ട്രൈബൽ സെറ്റിൽമെന്റ് കോളനിയിലും പരിസരത്തുമായി നിരവധി യുവജനങ്ങൾ ലഹരി സംഘങ്ങളുടെ കെണിയിൽ കുടുങ്ങി ജീവനൊടുക്കിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. നിലവിൽ ഇതേ മേഖലകളിൽ വ്യാജമദ്യ നിർമ്മാണവും നടക്കുന്നുണ്ട്.

ലഹരിവില്പന തകൃതി

നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട് പഞ്ചായത്തുകളിലെ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ മുന്തിയ ഇനം കാറുകളിലും ഇരുചക്രവാഹനങ്ങളിലും എത്തുന്ന സംഘം രാത്രിയിലും പകലും ഒരുപോലെ ഈ പ്രദേശങ്ങളിൽ തമ്പടിച്ചാണ് ലഹരിവില്പന നടത്തുന്നത്. മൈലമൂട് സുമതി വളവ് വരെയും നന്ദിയോട് പഞ്ചായത്തിലെ ഉൾപ്രദേശങ്ങളുമാണ് ഇത്തരക്കാരുടെ വിഹാരകേന്ദ്രങ്ങൾ. ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്ന ഭാഗങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും വനപ്രദേശവുമായതിനാൽ സൗകര്യപ്രദമാണ്.

നിരോധിത പുകയില ഉത്പന്നങ്ങളും

ചില കടകളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന തകൃതിയാണ്. അടിയന്തരമായി പൊലീസിന്റെയും എക്സൈസിയും ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജലരേഖയായി പാലോട്ട് എക്സൈസ് ഓഫീസ്

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എ.കെ.ബാലൻ പ്രഖ്യാപിച്ച എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്ത കേന്ദ്രവും ഇപ്പോഴും സ്ഥാപിതമായിട്ടില്ല. ലഹരി ഉപയോഗം കാരണം ആദിവാസി മേഖലകളിൽ ആത്മഹത്യകൾ പെരുകിയതോടെ മന്ത്രി ആദിവാസി ഊരുകൾ സന്ദർശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം. വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. അടുത്തടുത്ത സമയത്ത് നാല് പെൺകുട്ടികൾ ആത്മഹത്യ ചെയ്തപ്പോൾ വീണ്ടും പ്രഖ്യാപനമെത്തിയെങ്കിലും നടപ്പായില്ല. അഡ്വ.ഡി.കെ.മുരളി എം.എൽ.എ എക്സൈസ് ഓഫീസ് ആവശ്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL