SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

പൂവാർ കപ്പൽ നിർമ്മാണശാല കടലാസിലൊതുങ്ങുമോ!

1

പൂവാർ: പൂവാർ കപ്പൽ നിർമ്മാണശാല, കടലാസിൽ ഒതുങ്ങുമോയെന്ന ആശങ്കയിൽ പ്രദേശവാസികൾ. 2007ൽ തുടക്കമിട്ട കപ്പൽ നിർമ്മാണശാല പദ്ധതി വിവിധ കാരണങ്ങളാൽ നീണ്ടുപോയി. ഇതിനായി പഠനങ്ങൾ നടത്തിയെങ്കിലും കേന്ദ്ര ഫിഷിംഗ്‌ മന്ത്രാലയവും കൊച്ചിൻ ഷിപ്പ്‌യാർഡും നടത്തിയ പഠനങ്ങൾ പൂവാർ തീരത്തിന്റെ അനന്ത സാദ്ധ്യതകളെ കണ്ടെത്തിയിരുന്നു.

നിർദ്ദിഷ്ട വിഴിഞ്ഞം ഹാർബർ നിർമ്മാണം പൂർത്തിയായതോടെ തീരത്തെത്തുന്ന കൂറ്റൻ മദർ വെസലുകളുടെയും വൻകിട കപ്പലുകളുടെയും അറ്റകുറ്റപ്പണികൾക്കായി സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്.ഈ ലക്ഷ്യം നേടുന്നതിനായി 2013ൽ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞത് സംസ്ഥാനത്തെ രണ്ടാമത്തെ കപ്പൽ നിർമ്മാണശാല സ്ഥാപിക്കുന്നതിനായി സാദ്ധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചിൻ ഷിപ്പ്‌യാർഡിനെ ചുമതലപ്പെടുത്തി എന്നാണ്. അന്താരാഷ്ട്ര കപ്പൽ നിർമ്മാണശാല പൂവാറിൽ പ്രാവർത്തികമായാൽ നികുതി ഇനത്തിലും മറ്റുമുള്ള കോടികളുടെ വരുമാനം രാജ്യത്തിന് നേട്ടമാകും. നിരവധി തൊഴിലവസരങ്ങളുമുണ്ടാകും.

പൂവാറിൽ അന്താരാഷ്ട കപ്പൽ നിർമ്മാണശാല പദ്ധതി പ്രാവർത്തികമാക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചർച്ചകൾ പുരോഗമിക്കുകയും ചെയ്തതായി ഇക്കഴിഞ്ഞ ബഡ്ജറ്റ് സമ്മേളനത്തിൽ ധനമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നതാണ്.

പ്രധാന നേട്ടങ്ങളിലൊന്ന്

അന്താരാഷ്ട്ര സാഹചര്യം പരിശോധിക്കുമ്പോൾ ലോക രാജ്യങ്ങൾക്കിടയിൽ ഏതൻസിനും സിംഗപ്പൂരിനുമിടയ്ക്ക് അന്താരാഷ്ട്ര കപ്പൽ പാതയിൽ വേറെ കപ്പൽ നിർമ്മാണശാല ഇല്ലാത്തതിനാൽ ഏഷ്യയുടെ കവാടമായി പൂവാർ മാറുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. റിപ്പോർട്ട് പ്രകാരം കേരള തീരത്ത് അനുയോജ്യമായ സ്ഥലങ്ങൾ മുൻഗണനാക്രമത്തിൽ വിഴിഞ്ഞം, പൂവാർ, അഴീക്കൽ എന്നിങ്ങനെയാണ്.

മികച്ചത് പൂവാ‌ർതീരം

രാജ്യത്തിന്റെ വിവിധ കടൽത്തീരങ്ങളിൽ നടത്തിയ പരിശോധനകളിൽ കടലിന്റെ ആഴക്കുറവ് പ്രധാന കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം കരയിലും കടലിലും നടത്തിയ പഠനങ്ങളിൽ പൂവാറിന് പകരംവയ്ക്കാവുന്ന മറ്റൊരിടം രാജ്യത്തില്ല. പൂവാർ തീരത്തോട് ചേർന്നുള്ള കടലിന് 24 മുതൽ 30വരെ മീറ്റർ സ്വാഭാവികമായ ആഴമുണ്ട്. കൂടാതെ വർഷം മുഴുവൻ കപ്പലുകൾക്ക് വന്നുപോകാൻ കഴിയുംവിധം വേലിയേറ്റ, വേലിയിറക്ക അനുപാതം വളരെ കുറഞ്ഞ തീരവും രാജ്യത്ത് പൂവാർ തന്നെയാണ്. പദ്ധതി നടപ്പാക്കിയാൽ ഒന്നരക്കിലോമീറ്റർ ദൂരം കുടിയൊഴിപ്പിക്കലില്ലാതെ നിർമ്മാണത്തിന് അനുയോജ്യമായ ആഴക്കടലുള്ള തീരവും പൂവാറിലുണ്ട്. നിർമ്മാണ, അറ്റകുറ്റപ്പണിക്കു ശേഷിയുള്ള പരിശോധനാകേന്ദ്രം സമീപത്തുണ്ടെന്നതും അനുകൂലമാണ്. വർഷന്തോറും ഒരു ലക്ഷത്തിൽപ്പരം വിവിധ വിഭാഗം വെസലുകളും കപ്പലുകളും കടന്നു പോകുന്ന അന്താരാഷ്ട്ര കപ്പൽ പാതയിലാണ് പൂവാർ തീരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL