SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

വാമനപുരം,കല്ലാർ ആറുകളിൽ മറഞ്ഞിരിക്കുന്ന അപകടക്കയങ്ങൾ

photo1

 രണ്ട് വർഷത്തിനിടെ മുങ്ങിമരിച്ചത് 14 പേർ

പാലോട്: വേനൽ കടുത്തതോടെ വാമനപുരം,കല്ലാർ എന്നീ ആറുകളും അവയുടെ കൈവഴികളും മെലിഞ്ഞുണങ്ങിയതോടെ രൂപപ്പെട്ടുതുടങ്ങിയ മണൽക്കുഴികൾ അപകടഭീതി ഉയർത്തുന്നു. മണലൂറ്റിലൂടെയും പ്രളയത്തിലും ആറ്റിൽ പലയിടത്തും വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഈ രണ്ട് ആറുകളിലും സമീപകാലത്തായി നിരവധി മുങ്ങിമരണങ്ങളാണ് നടന്നത്. വെള്ളത്തിലൂടെ നീന്തുമ്പോൾ പെട്ടെന്ന് ഇത്തരം കയത്തിൽ അകപ്പെടുകയാണ് പതിവ്. മിക്ക കുളിക്കടവുകൾക്കു സമീപവും അപകടക്കയങ്ങൾ ഉണ്ട്. കല്ലാറിലാകട്ടെ വട്ടക്കയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ മുങ്ങിമരണങ്ങൾ നടക്കുന്നത്.

കല്ലാറിലും വാമനപുരം ആറിന്റെ കൈവഴികളിലുമായി 14 ലധികം പേരാണ് രണ്ട് വർഷത്തിനിടെ മുങ്ങിമരിച്ചത്. കുടുംബസമേതം കുളിക്കാനിറങ്ങിയ മൂന്നുപേർ ഇവിടെ മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കടവുകളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാത്തത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു.

 അപകട മേഖലകൾ

വാമനപുരം ആറിലെ ചെല്ലഞ്ചി, ആനകുളം, മീൻമുട്ടി,പാലോട് കടവുകൾ

 കാണാതെ പോകുന്ന അപകടക്കയങ്ങൾ

ആറിന്റെ മുകൾപരപ്പ് ശാന്തമാണെങ്കിലും അടിയിൽ പതിയിരിക്കുന്നത് വൻ അപകടക്കെണികളാണ്. എപ്പോഴും അപകടമരണം നടക്കുന്ന ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും സന്ദർശകർ കാര്യമാക്കാറില്ല. കിണറുകളും,ചെറിയ തോടുകളും വറ്റി ജലക്ഷാമം രൂക്ഷമാകുമ്പോൾ നൂറുകണക്കിന് കുടുംബങ്ങളാണ് വാമനപുരം,കല്ലാർ എന്നിവയെ ആശ്രയിക്കുന്നത്.

 അപകടമേഖല

നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മീൻമുട്ടിയിൽ നിർമ്മിച്ച ഡാം എല്ലാദിവസവും ഷട്ടർ തുറന്ന് വെള്ളം ക്രമപ്പെടുത്തുന്നുണ്ട്. ഇതും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഡാമിനു താഴെയായി നിരവധിപേരാണ് മുങ്ങിമരിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ നെടുമങ്ങാട് കോടതിയിലെ യുവ അഭിഭാഷകനാണ് ഇവിടെ കയത്തിൽപ്പെട്ട് മരിച്ചത്.

 കുട്ടികളെ ശ്രദ്ധിക്കണം

വാമനപുരം ആറ്റിൽ അപകടത്തിൽപ്പെട്ടവരിലേറെയും വിദ്യാർത്ഥികളാണ്. വെള്ളം കുറയുന്നതോടെ നിരയായി തെളിയുന്ന പാറക്കെട്ടുകൾ അവരെ ആകർഷിക്കുന്നു. ഇത്തരം പാറക്കൂട്ടങ്ങളിൽ കുളിച്ച് ഉല്ലസിക്കുന്നതിനിടെ പാറക്കെട്ടുകളിൽ കാൽവഴുതി കയങ്ങളിൽപ്പെട്ട് ജീവൻപെലിയുന്നു. ചെല്ലഞ്ചി മുതൽ അഞ്ചുതെങ്ങ് വരെ വാമനപുരം ആറ് കടന്നുപോകുന്ന സ്ഥലങ്ങളിലെ മിക്ക കടവുകളും ശോചനീയാവസ്ഥയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL