SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

നെല്ലേറ്റിൽ കടവിൽ വികസനം അകലെ

nellettil-kadav

അടിസ്ഥാന സൗകര്യങ്ങളില്ല

വർക്കല: വിനോദ സഞ്ചാരത്തിന് ഏറെ സാദ്ധ്യതകളുള്ള ഇടമാണ് ഇലകമൺ - പൂതക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിൽ ഇടവ - നടയറ കായലിൽ സ്ഥിതിചെയ്യുന്ന നെല്ലേറ്റിൽ കടവ്.വിശാലമായ കായൽപ്പരപ്പും,ശാന്തസുന്ദരവുമാണ് പ്രദേശം.എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കടവിനെ സഞ്ചാരികളിൽ നിന്നകറ്റുന്നു.കാപ്പിലിനിനോട് ചേർന്നുള്ള പ്രദേശമായതിനാൽ കായൽ ടൂറിസത്തിന് വലിയ സാദ്ധ്യതയുള്ള പ്രദേശമാണിത്.

ഇരുകരകളിലും ബോട്ടുജെട്ടികൾ ഉള്ളതിനാൽ ബോട്ടിംഗിന് സൗകര്യവുമുണ്ട്.നിലവിൽ കാപ്പിൽ ബോട്ട് ക്ലബിൽ നിന്ന് സഞ്ചാരികളെയും വഹിച്ചുള്ള ബോട്ടുകൾ നെല്ലേറ്റിൽ,ഹരിഹരപുരം ഭാഗങ്ങളിലേക്കാണ് എത്തുന്നത്.

ഈ ഭാഗത്തെ വിശാലമായ കായൽ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.അടുത്തിടെ നെല്ലേറ്റിൽ കടവിൽ സ്വകാര്യ സംരംഭകർ ബോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്.എട്ടുപേർക്ക് സഞ്ചരിക്കാവുന്ന ബോട്ടാണുള്ളത്.വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ നെല്ലേറ്റിൽ കടവിൽ എത്താറുണ്ട്.തീരദേശപാത യാഥാർത്ഥ്യമാകുമ്പോൾ നെല്ലേറ്റിൽ കടവ് ഭാഗത്ത് നിന്ന് കാപ്പിൽ ജംഗ്ഷനിലേക്ക് ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്നും ആവശ്യമുണ്ട്.

ബോട്ട് സർവീസില്ല

നെല്ലേറ്റിൽ,കാപ്പിൽ കടവുകളിൽ ബോട്ടുജെട്ടിയുണ്ടെങ്കിലും ബോട്ട് സർവീസില്ല.കടത്തുവള്ളങ്ങളെയാണ് ഇവിടുത്തുകാർ ആശ്രയിക്കുന്നത്.രാവിലെ 6 മുതൽ വൈകിട്ട് 6വരെ ഇരുകടവുകളിൽ നിന്നും പഞ്ചായത്തിന്റെയും ജലഗതാഗത വകുപ്പിന്റെയും കടത്തുവള്ളങ്ങളുണ്ട്. വൈകിട്ട് 6 മുതൽ രാത്രി 10വരെ ഒരു വള്ളമുണ്ട്.രാത്രി കാപ്പിലിൽ ട്രെയിനിൽ വന്നിറങ്ങുന്നവർക്ക് ഇക്കരെയെത്താനും വള്ളങ്ങളാണ് ആശ്രയം. ഇവിടെ ബോട്ട് സർവീസ് ആരംഭിക്കണമെന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്.

ബസില്ല

നെല്ലേറ്റിൽ ഭാഗത്തേക്ക് യാത്രാസൗകര്യവും കുറവാണ്.മുമ്പ് അഞ്ചോളം കെ.എസ്.ആർ.ടി.സി സർവീസ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒന്നുപോലുമില്ല.

ദേശീയ ജലപാത നവീകരണം

ദേശീയ ജലപാത നവീകരണം പൂർത്തിയാകുന്നതോടെ നെല്ലേറ്റിൽ കടവിൽ ടൂറിസം വികസനമെത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.നല്ലൊരു ബോട്ടുജെട്ടി ഇവിടെ പണിതിട്ടുണ്ട്. ബോട്ടു സർവീസുകൾ ആരംഭിക്കുന്നതോടെ നെല്ലേറ്റിലിന്റെ സാദ്ധ്യതയും തെളിയും.ടൂറിസം വികസനമുണ്ടായാൽ നെല്ലേറ്റിൽ കടവിലേക്കും കൂടുതൽ സഞ്ചാരികളെത്തും.

നെല്ലേറ്റിൽ കടവിൽ ബോട്ടുജെട്ടി മാത്രമാണുള്ളത്.സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന വികസനം വേണം.കഫറ്റീരിയ,പൂന്തോട്ടം,ടോയ്‌ലെറ്റ് തുടങ്ങിയവ നിർമ്മിച്ച് അടിസ്ഥാന സൗകര്യം ഒരുക്കണം.

വാരിജാക്ഷൻ ഹരിഹരപുരം,

പൊതുപ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL