SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.40 AM IST

വിതുര മാങ്കാല, കളിയിക്കൽ മേഖലയിലെ വന്യമൃഗശല്യത്തിന് നടപടികളായി

camara

ക്യാമറയും സൗണ്ട് ബോക്സും സ്ഥാപിച്ചു

വിതുര: വിതുര പഞ്ചായത്തിലെ മാങ്കാല, കളിയിക്കൽ മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനായി വനംവകുപ്പ് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ തുരത്തുന്നതിനായി മാങ്കാല, കളിയിക്കൽ റോഡുകളിൽ നിരീക്ഷണ ക്യാമറയും സൗണ്ട് ബോക്സും സ്ഥാപിച്ചു.

മാങ്കാല, കളിയിക്കൽ, പട്ടൻകുളിച്ചപാറ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമായിട്ട് മാസങ്ങളേറെയായി. മേഖലയിലെ കൃഷി മുഴുവൻ നശിപ്പിച്ചു. കാട്ടാനയും കാട്ടുപോത്തുമാണ് ഇവിടെ നാശനഷ്ടങ്ങൾ വിതയ്ക്കുന്നത്. കരടികളും എത്തുന്നുണ്ട്. കൂടാതെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കർഷകർക്ക് കനത്ത നാശനഷ്ടമുണ്ട്. പകൽ സമയത്തുപോലും വന്യമൃഗങ്ങൾ എത്തുന്നത് പ്രദേശവാസികൾക്ക് ഭീഷണിയായിട്ടുണ്ട്. പേപ്പാറ മാങ്കാല റോഡിൽ പകൽസമയങ്ങളിൽ ഭീതി പരത്തി കാട്ടാനകൾ വിഹരിക്കുന്ന സ്ഥിതിയാണ്. ഇത് പേപ്പാറയിലും മറ്റുമെത്തുന്ന ടൂറിസ്റ്റുകൾക്കും ബുദ്ധിമുട്ടായിട്ടുണ്ട്.

വൈദ്യുതിവേലിയും ആനക്കിടങ്ങും പരിഗണനയിൽ

കാട്ടുമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ പരാതികൾ നൽകിയിരുന്നു. സമരങ്ങളും നടത്തി.വിതുര, മാങ്കാല, പേപ്പാറ വാർഡുകളിലെ വന്യമൃഗശല്യവും, നാട്ടുകാർ നേരിടുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കളിയിക്കൽ പുനർജനി റസിഡന്റ്സ് അസോസിയേഷനും നിവേദനം നൽകി. ഇതിനെ തുടർന്ന് വനംവകുപ്പ് മേഖലകളിൽ സന്ദർശനം നടത്തുകയും അടിയന്തരനടപടികൾ സ്വീകരിക്കുകയുമായിരുന്നു. കാട്ടാനശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ വൈദ്യുതിവേലിയും ആനക്കിടങ്ങും സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

ഉദ്ഘാടനം നിർവഹിച്ചു

മാങ്കാല,കളിയിക്കൽ റോഡുകളിൽ സ്ഥാപിച്ച സൗണ്ട് ബോക്സിന്റെയും, എ.വൺക്യാമറയുടേയും ഉദ്ഘാടനം ഡി.എഫ്.ഒ ഷാനവാസ് നിർവഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു അദ്ധ്യക്ഷത വഹിച്ചു. കളിയിക്കൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജയൻ, സെക്രട്ടറി പ്രഭുകുമാർ, റേഞ്ച് ഓഫീസർ ശ്രീജു, ഫോറസ്റ്റ് ഓഫീസർ അനുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL